BREAKING NEWSLATESTNATIONALNEWS

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അഞ്ച് ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ മൂന്ന് ലക്ഷത്തിലേക്ക്

മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. അണ്‍ലോക്ക് നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് ഉയര്‍ന്ന തോതില്‍. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതിലുള്ളത്. ചെന്നൈ, മുംബൈ നഗരങ്ങളിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ കുറവ സംഭവിക്കുമെന്ന അഭിപ്രായം ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല.
രാജ്യത്തെ കൊവിഡ് കേസുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 118 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5883 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,90,907 ആയി ഉയര്‍ന്നു. 4808 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 53,481 ആണ്. ചെന്നൈയില്‍ മാത്രം 108,124 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,734 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ 12,822 കൊവിഡ് കേസുകളും 275 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 503,084. ഇതില്‍ 1,47,048 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുംബൈ നഗരത്തിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലാണ്. സമ്പര്‍ക്കത്തിലൂടെയുള്ള കേസുകളാണ് നഗരത്തില്‍ ഉയര്‍ന്ന തോതിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. മുംബൈയില്‍ പുതിയതായി 1,304 കൊവിഡ് കേസുകളും 58 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 6,748 മരണങ്ങള്‍ ഉള്‍പ്പെടെ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 1,22,331 ആണ്.
കൊവിഡ്19 കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന ആന്ധ്രപ്രദേശില്‍ ഇന്ന് 10,080 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥീരികരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,17,040 ആയി. 85486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1939 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7178 പുതിയ കൊവിഡ് കേസുകളും 93 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 172102 ആയി ഉയര്‍ന്നു. 3091 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മണിക്കൂറുകളില്‍ 5006 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ ഡിസ്ചാര്‍ജുകളുടെ എണ്ണം 89238 ആയി. 79765 സജീവ കേസുകള്‍ നിലവിലുണ്ട്
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുനിടെ സംസ്ഥാനത്ത് 1,404 കൊവിഡ് കേസുകളും 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,130 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,44,127 ആയി. 1,29,362 പേര്‍ക്ക് രോഗമുക്തിയുണ്ടായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 10,667 സജീവ കേസുകള്‍ നിലവിലുണ്ട്. 4,098 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Tags

Related Articles

Back to top button
Close