മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും വമ്പന്‍ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. യുവാക്കള്‍ക്ക് പ്രതിമാസം 6,000 മുതല്‍ 10,000 രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് പ്രഖ്യാപിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, മാസങ്ങള്‍ മാത്രം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാന ഭരണം നിലനിര്‍ത്താന്‍ ഖജനാവില്‍ നിന്ന് പണമെറിഞ്ഞുള്ള തന്ത്രങ്ങള്‍ അവതരിപ്പിക്കുകയാണ് ഷിന്‍ഡെ സര്‍ക്കാര്‍. ‘ലഡ്ല ഭായ് യോജന’ എന്ന പേരിലാണ് പുതിയ പദ്ധതി. 12-ാം ക്ലാസ് പാസായ വിദ്യാര്‍ഥികള്‍ക്കു പ്രതിമാസം 6,000 രൂപ. ഡിപ്ലോമ പഠിക്കുന്നവര്‍ക്ക് 8,000 രൂപയും ബിരുദമുള്ളവര്‍ക്ക് 10,000 രൂപയുമാണ് പ്രതിമാസ സഹായമായി ലഭിക്കാന്‍ പോവുന്നത്.
നേരത്തെ മാജി ലഡ്കി ബഹിന്‍ യോജന എന്ന പേരില്‍ സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയും ശിന്‍ഡെ സര്‍ക്കാര്‍ പ്രഖ്യാച്ചിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സര്‍ക്കാര്‍ വേര്‍തിരിച്ചു കാണുന്നില്ലെന്ന് ഇന്ന് പന്ദര്‍പുരില്‍ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് ഷിന്‍ഡെ പറഞ്ഞു. യുവാക്കള്‍ക്ക് ഫാക്ടറിയില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പിനും പദ്ധതി അവസരമൊരുക്കും.
65 Less than a minute