തൃശൂര്‍: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ ബന്ദിയാക്കിയതായി കുടുംബത്തിന്റെ പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിയായ ചെമ്പില്‍ വീട്ടില്‍ വിഷ്ണുവിനെയാണ് ബന്ദിയാക്കിയത്. ഇവര്‍ കുടുംബത്തെ ബന്ധപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെട്ടു. മകന്റെ ജീവന്‍ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി അമ്മ ഗീത പരാതി നല്‍കി. നോര്‍ക്ക ഓഫിസിലും, മുഖ്യമന്ത്രിക്കും, സാമൂഹിക നീതിവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനുമാണ് പരാതി സമര്‍പ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിനും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അര്‍മേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഈ ഹോസ്റ്റലിന്റെ നടത്തിപ്പ് വിഷ്ണുവിന്റെ പേരിലാക്കിയുള്ള സമ്മതപത്രത്തില്‍ ഒപ്പിടീപ്പിച്ച് കൂടെയുള്ളവര്‍ സ്ഥലവിടുകയായിരുന്നു. ഭാഷ അറിയാത്തതിനാല്‍ ഒപ്പിടിപ്പിച്ച രേഖകളില്‍ എന്താണെന്നും വിഷ്ണുവിന് അറിയാനായില്ല.
തുടര്‍ന്ന് നടത്താന്‍ ആളില്ലാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ദിയാക്കുകയും ചെയ്തു. ദിവസം 1,20,000 രൂപയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് നാട്ടില്‍ നിന്നും കുടുംബം 1,50,000 രൂപ അയച്ച് കൊടുത്തെങ്കിലും ഇനിയും 3,00000 രൂപകൂടി ഇവര്‍ ആവശ്യപ്പെട്ടുവെന്നും വിഷ്ണുവിന്റെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ഹോസ്റ്റല്‍ പ്രവര്‍ത്തനം നില നിലച്ചതിനാല്‍ തങ്ങള്‍ക്ക് 30 ലക്ഷം രൂപ തരണമെന്ന് ഷാരൂഖ് അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നതായും പരാതിയില്‍ പറയുന്നു.
1,119 1 minute read