BREAKING NEWSNATIONAL

മമതാ ബാനര്‍ജി 48 മണിക്കൂര്‍ നിരീക്ഷണത്തില്‍; ആഘാതം വിട്ടുമാറിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: നന്ദീഗ്രാമില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ട് ഡോക്ടര്‍മാര്‍. തൃണമൂല്‍ അധ്യക്ഷയുടെ ഇടതു കണങ്കാലിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴും നടന്ന സംഭവത്തിന്റെ ആഘാതത്തിലാണ് മമതയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. അതുപോലെ വലതു തോളിനും കൈത്തണ്ടയിലും പരിക്കുകളുണ്ട്. നെഞ്ചുവേദനയും ശ്വാസതടസ്സവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. എന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കുറച്ച് പരിശോധനകള്‍ കൂടി ഇനിയും നടത്താനുണ്ടെന്നാണ് സൂചന. സാധരണയായി ഒന്നരരണ്ട് മാസം വരെ വിശ്രമത്തില്‍ കഴിയേണ്ടി വരുന്ന പരിക്കുകളാണ് മുഖ്യമന്ത്രിക്കുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഈസ്റ്റ് മിഡ്‌നപുരിലെ ബിറുലിയ ബാസാറില്‍ മമതയ്ക്ക് നേരെ ആക്രമണം നടന്നത്. പ്രദേശവാസികളുമായി സംവദിക്കുന്നതിനിടെ നാലഞ്ച് ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ മമതയെ കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ആക്രമണം വ്യാജമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. വോട്ട് ലഭിക്കുന്നതിനായുള്ള മമതയുടെ നാടകമാണിതെന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് ബിജെപി ബംഗാള്‍ ഘടകം പറയുന്നത്.

Related Articles

Back to top button