BREAKING NEWSLATESTNATIONAL

പെട്രോള്‍ പ്രതിഷേധത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ശ്രമം; ബാലന്‍സ് തെറ്റി മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയരുകയാണ്. പെട്രോള്‍ വില ദിവസം കഴിയും തോറും വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു വരികയാണ്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് പെട്രോള്‍ വില വര്‍ദ്ധനവിന് എതിരായ സമരം നടന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ആയിരുന്നു മമത ബാനര്‍ജിയുടെ സമരം. ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ഹെല്‍മറ്റ് വച്ച് പ്ലക്കാര്‍ഡും തൂക്കി യാത്ര ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുകയും ഇതിനിടയില്‍ ബാലന്‍സ് തെറ്റി വീഴുകയും ചെയ്യുന്ന മമത ബാനര്‍ജിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വാര്‍ത്ത ഏജന്‍സിയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഹൗറയില്‍ വച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുന്നതിന് ഇടയില്‍ ആയിരുന്നു ബംഗാള്‍ മുഖ്യമന്ത്രിക്ക് ബാലന്‍സ് തെറ്റിയത്. എന്നാല്‍, പെട്ടെന്നു തന്നെ ബാലന്‍സ് തിരിച്ചു പിടിച്ച മമത ബാനര്‍ജി ഒപ്പമുള്ളവരുടെ സഹായത്തോടെ സ്‌കൂട്ടര്‍ മുന്നോട്ടു ഓടിച്ചു പോകുകയായിരുന്നു.
നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് കാളിഘട്ടിലേക്കാണ് ബംഗാള്‍ മുഖ്യമന്ത്രി ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടര്‍ ഓടിക്കുന്ന സമയത്ത് മുഴുവന്‍ മുഖ്യമന്ത്രി വീഴാതെ നോക്കാന്‍ സഹായികള്‍ ഒപ്പം ഉണ്ടായിരുന്നു. നേരത്തെ, ഇലക്ട്രിക് സ്‌കൂട്ടറില്‍ ബംഗാള്‍ മന്ത്രിയായ ഫിര്‍ഹാദ് ഹകിമിന്റെ പിന്നില്‍ ഇരുന്നുകൊണ്ട് മമത ബാനര്‍ജി സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഹെല്‍മറ്റ് തലയില്‍ വച്ച് പ്ലക്കാര്‍ഡും തൂക്കി ആയിരുന്നു മമത ബാനര്‍ജി ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ‘നിങ്ങളുടെ വായില്‍ എന്താണ്? പെട്രോള്‍ വില കൂടുന്നു. ഡീസല്‍ വില കൂടുന്നു. പാചകവാതക ഗ്യാസ് വില കൂടുന്നു.’ എന്നിങ്ങനെ ആയിരുന്നു മമത ബാനര്‍ജി ധരിച്ചിരുന്ന പ്ലക്കാര്‍ഡില്‍ ഉണ്ടായിരുന്നത്.
ഹസ്രമോര്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ആയിരുന്നു ഈ യാത്ര. ഈ യാത്രയില്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിന് പിന്നില്‍ ഇരുന്ന മമത ബാനര്‍ജി ജനങ്ങളെ കൈ വീശി അഭിസംബോധന ചെയ്യുന്നുമുണ്ടായിരുന്നു. നബന്നയില്‍ എത്തിയ മമത ബാനര്‍ജി ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്ത് എത്തിയിരുന്നു.
‘ഇന്ധന വില വര്‍ദ്ധനയ്ക്ക് എതിരെ ഞങ്ങള്‍ പ്രതിഷേധിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ഇന്ധന വില കുറയ്ക്കാന്‍ അവര്‍ ഒന്നും ചെയ്തിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴുള്ള പെട്രോള്‍ വിലയും ഇപ്പോഴത്തെ പെട്രോള്‍ വിലയും നിങ്ങള്‍ക്ക് താരതമ്യം ചെയ്യാവുന്നതാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും രാജ്യം വില്‍ക്കുകയാണ്. ഇത് ജനവിരുദ്ധമായ ഒരു സര്‍ക്കാര്‍ ആണ്’ നബന്നയില്‍ മമത ബാനര്‍ജി പറഞ്ഞു.
മൊട്ടേര സ്റ്റേഡിയം എന്നറിയപ്പെടുന്ന അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയ ബി ജെ പി സര്‍ക്കാരിന്റെ തീരുമാനത്തെയും മമത ബാനര്‍ജി വിമര്‍ശിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker