കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നേതാജി അനുസ്മരണ പരിപാടിയില്‍ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കാണികള്‍ക്കിടയില്‍നിന്ന് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതാണ് മമതയെ പ്രകോപിപ്പിച്ചത്.
‘സര്‍ക്കാര്‍ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയില്‍ ഞാന്‍ തുടര്‍ന്ന് സംസാരിക്കുന്നില്ല’, മമത പറഞ്ഞു. തുടര്‍ന്ന് അവര്‍ പ്രസംഗം മതിയാക്കി.
മമതാ ബാനര്‍ജിയെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് മമതയെ രോഷാകുലയാക്കിയത്.
നേതാജിയുടെ 125ാം ജന്മദിനാഘോഷം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നേതാജിയുടെ ജന്മദിനാഘോഷങ്ങള് ഉദ്ഘാടനം ചെയ്യുന്നതിനായി പ്രദാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
രാവിലെ മുതല്‍ തന്നെ പശ്ചിമബംഗാളില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. ഹൗറയില്‍ നേതാജി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രകടനത്തില്‍ ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഇന്നത്തെ ദിവസം പരാക്രം ദിവസായാണ് ആചരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ഇത് ദേശ്നായക് ദിവസായാണ് കൊണ്ടാടുന്നത്. വ്യത്യസ്ത പരിപാടികളും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ആസൂത്രണം ചെയ്തിരുന്നു.
പശ്ചിമബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ പാരമ്പര്യം ഏറ്റുപിടിക്കാനുളള ഒരു ശ്രമമാണ് ബി.ജെ.പിയും തൃണമൂലും നടത്തുന്നത്.