ENTERTAINMENTMALAYALAM

മമ്മൂട്ടിയുടെ ‘വണ്‍’ ആദ്യം തീയേറ്ററുകളില്‍; പിന്നീട് ഒടിടി റിലീസ്

ലോകം മുഴുവന്‍ കൊവിഡ് ഭീതി ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ഏറ്റവുമധികം ഒത്തുകൂടുന്ന തീയേറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ സിനിമകളുടെ ഒടിടി റിലീസിന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്‍പ്പെടെ നിരവധി സിനിമകള്‍ എത്തുന്നുണ്ട്. എങ്കിലും മലയാളത്തില്‍ ഇതുവരെ രണ്ട് സിനിമകളാണ് നേരിട്ട് ഒടിടി റിലീസ് നടത്തിയത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂഫിയും സുജാതയും മെയിന്‍സ്ട്രീം ടിവി ഓണ്‍ലൈനിലെത്തിയ മ്യൂസിക്കല്‍ ചെയറുമാണത്. ഇനിയും പുതിയ ഒടിടി റിലീസുകള്‍ മലയാളത്തില്‍ ഉണ്ടാകുമെന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വണ്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, വെയില്‍ തുടങ്ങി നിരവധി മലയാളം സിനിമകള്‍ റിലീസിന് തയ്യാറായി ഇരുന്ന സമയത്താണ് തീയേറ്ററുകള്‍ അടഞ്ഞത്. ഇതോടെ ഇവയുടെയൊക്കെ റിലീസ് പ്രതിസന്ധിയിലായി.
തീയേറ്ററുകള്‍ അടച്ച സമയത്ത് റിലീസായി ഒരാഴ്ചയും രണ്ടാഴ്ചയുമൊക്കെ ആയിരുന്ന ഫോറന്‍സിക്, കപ്പേള തുടങ്ങിയ സിനിമകള്‍ പിന്നീട് ഒടിടിയില്‍ എത്തുകയുമുണ്ടായി. ഇനിയെന്ന് തീയേറ്ററുകള്‍ തുറക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ തന്നെ കൂടുതല്‍ സിനിമകള്‍ ഇപ്പോള്‍ നേരിട്ട് ഒടിടി റിലീസിന് തയ്യാറാകുന്നതായാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മമ്മൂട്ടിയുടെ ‘വണ്‍’, ടൊവിനോ തോമസ് നായകനാകുന്ന ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ എന്നിവ ഒടിടി റിലീസിനൊരുങ്ങുന്നതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ആദ്യം തീയേറ്ററുകളില്‍ റിലീസ് ചെയ്തശേഷമായിരിക്കും ഇവ ഒടിടിയില്‍ എത്തുന്നതെന്നാണ് സൂചന.
വണ്‍ ഓണ്‍ലൈന്‍ റിലീസ് അവകാശം ഒരു ഒടിടി പ്ലാറ്റ്!ഫോം വാങ്ങിയതായും എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ വരുന്നതിനായാണ് കരാറെന്നും സൂചനയുണ്ട്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളാണ് വണ്ണും കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സും.
ബോളിവുഡില്‍ നിന്ന് ഇതിനകം ആറോളം ചിത്രങ്ങള്‍ നേരിട്ട് ഒടിടി റിലീസിന് എത്തിയിട്ടുണ്ട്. കൂടാതെ തമിഴില്‍ നിന്നും മൂന്ന് സിനിമകള്‍ റിലിസായി. മലയാളവും ഇതേ പാതയിലാണെന്നാണ് സൂചനകള്‍. മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്‍ എന്ന സിനിമ ‘വണ്‍’ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത് ജിയോ ബേബിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker