ഫിറ്റ്‌നസ് ഫ്രീക്കുകളുടെ കാലമാണിത്. സമൂഹ മാധ്യമങ്ങളില്‍ ഡയറ്റും ഫിറ്റ്‌നസും പങ്കുവയ്ക്കുന്ന നൂറുകണക്കിന് പ്രോഫൈലുകള്‍ ഇന്ന് സജീവമാണ്. ചിലര്‍ തടി കുറയ്ക്കാന്‍, മറ്റ് ചിലര്‍ തടി കൂട്ടാന്‍, ചിലര്‍ സൌന്ദര്യ വര്‍ദ്ധനവിന്… അങ്ങനെ വിവിധങ്ങളായ ആഗ്രഹങ്ങളോടെ ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന വലിയൊരു കൂട്ടം ഇന്ന് നമ്മുക്കിടയിലുണ്ട്. എന്നാല്‍, സിംഗപ്പൂരുകാരനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ചുവാന്‍ഡോ ടാനെ കണ്ടാല്‍ നിങ്ങളുടെ ഹിറ്റ്‌നസിനെ കുറിച്ച് നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിക്കും. കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ചെങ്കിലും നിങ്ങള്‍ തര്‍ക്കിക്കുമെന്ന് ഉറപ്പ്.
ചുവാന്‍ഡോ ടാന് വയസ് 58 ആയി. പക്ഷേ, കണ്ടാല്‍ ഇന്നും 28 ന് മേലെ പോകില്ല. അതാണ് ചുവാന്‍ഡോ ടാന്റെ ഫിറ്റ്‌നസ് രഹസ്യവും. സമൂഹ മാധ്യമ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ സിക്‌സ് പാക്കിലുള്ള വടിവൊത്ത ശരീരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് തള്ളിയിരിക്കുകയാണ്. 2017 – മുതല്‍ സിംഗപ്പൂരിലെ സമൂഹ മാധ്യമങ്ങളില്‍ ഫിറ്റ്‌നസിന്റെ പേരില്‍ ചുവാന്‍ഡോ ടാന്‍ പ്രശസ്തനാണ്. ജാനറ്റ് ജാക്സണ്‍, റീത്ത ഓറ, ഷു ക്വി തുടങ്ങിയ സെലിബ്രിറ്റികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചുവാന്‍ഡോ ഇന്ന് സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളില്‍ ഒരാളാണ്.
കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ നിക്ഷേപിക്കുന്ന കലോറി വ്യായാമത്തിലൂടെ അന്നന്ന് തന്നെ എരിച്ച് കളയാന്‍ കഴിയണമെന്ന് തന്റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തവേ ചുവാന്‍ഡോ ടാന്‍ പറയുന്നു. ശരീരത്തിന് പ്രായം തോന്നിക്കുന്നില്ലെങ്കിലും മനസിന് പ്രായമുണ്ട്. ചിലപ്പോള്‍ അമിതമായ സമ്മര്‍ദ്ദം നേരിടേണ്ടിവരും അത്തരം സമയങ്ങളില്‍ ഒറ്റയ്ക്ക് രണ്ടാഴ്ചയോളം വീട്ടില്‍ താമസിക്കുമെന്നും ഹിറ്റ്‌നസ് രഹസ്യത്തിനായി തന്നെ ബന്ധപ്പെട്ടുന്നവര്‍ക്കെല്ലാം കുറുക്ക് വഴികളാണ് വേണ്ടതെന്നും നല്ല ഫിറ്റ്‌നസിന് കുറുക്ക് വഴികളില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് അറുപത് വയസായോ സാര്‍? നിങ്ങള്‍ ഞങ്ങളെ കളിയാക്കുകയാണോ?’ ചുവാന്‍ഡോ ടാന്റെ ഒരു ചിത്രത്തിന് താഴെ ഒരു കാഴ്ചക്കാരന്‍ എഴുതി.
75 1 minute read