ന്യൂഡല്‍ഹി: മണിപ്പൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേകി അഞ്ച് എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ഇബോബി സിങ്ങിന്റെ ബന്ധു ഹെന്‍ട്രി ഒക്രം അടക്കമുള്ള അഞ്ച് എം.എല്‍.എ.മാരാണ് ബുധനാഴ്ച ഡല്‍ഹിയില്‍ ബി.ജെ.പി. അംഗത്വം നേടിയത്. ഇബോബി സിങ്ങിന്റെ സഹോദരീ പുത്രന് ഹെന്‍ട്രി ഒക്രം, പുനം ബ്രോകന്‍, ഒയിനം ലുഖോയി സിങ്, ഗംതാംഗ് ഹോകിപ്പ്, ജിന്സുനോ സോവു എന്നിവരാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.
ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനൊപ്പം ഈ എം.എല്‍.എ.മാരും പങ്കെടുത്തു. ബിരേന്‍ സിങ് സര്‍ക്കാര്‍ കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ വിശ്വാസവോട്ടെടുപ്പ് ജയിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയനീക്കം. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്തി ജയ് പാണ്ഡെയാണ് എം.എല്‍.എ.മാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന വിശ്വാസവോട്ടെടുപ്പില്‍ ബിരേന്‍സിങ് വിജയിച്ചതിനു പിന്നാലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു.