കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിന് (കെ.പി.പി.എല്‍) അനുവാദം നല്‍കി ഉത്തരവായി. ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതും വന്യജീവികള്‍ക്ക് വിനാശകരമാണെന്ന് വിലയിരുത്തിയുമാണ് നടപടി.
നോര്‍ത്ത് വയനാട് ഡിവിഷന്റെ പരിധിയില്‍ നിന്നും 5000 മെട്രിക് ടണ്‍ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം നല്‍കിയത്. മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തില്‍ പള്‍പ്പ് വുഡായി എടുക്കാന്‍ തയ്യാറാണെന്ന് കെ.പി.പി.എല്‍ അറിയിച്ചിരുന്നു. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് ഇത് നല്‍കുന്നത്. ഈ തുക സ്വഭാവിക വനങ്ങളുടെ പുന:സ്ഥാപനത്തിന് വിനിയോഗിക്കും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളില്‍ നിന്നും യാതൊരുവിധ മരങ്ങളും വാണിജ്യാവശ്യങ്ങള്‍ക്കൊ മറ്റാവശ്യത്തിനോ നീക്കം ചെയ്യാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തമിഴ്നാട് ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ച് മഞ്ഞക്കൊന്ന പോലുള്ള കളകള്‍ നീക്കം ചെയ്യുന്നതിന് തടസ്സമില്ലെന്ന് 2022 ആഗസ്റ്റില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മരം മുറിക്കാന്‍ തീരുമാനിച്ചത്.
നോര്‍ത്തേണ്‍ സര്‍ക്കിളിന്റെ കീഴിലുള്ള വയനാട് വനമേഖലയില്‍ 50 ഓളം ഹെക്ടറിലെ മഞ്ഞക്കൊന്ന മരങ്ങള്‍ ഇതിനകം മാറ്റിയിട്ടുണ്ട്. 110 ഹെക്ടറോളം സ്ഥലത്തെ മഞ്ഞക്കൊന്ന മരങ്ങള്‍ നീക്കം ചെയ്യുന്നതിനുളള പ്രാരംഭ നടപടികളാണ് സ്വീകരിച്ചത്.
1,112 1 minute read