മാക്കൂട്ടം: കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള മാക്കൂട്ടം വനപാതയില്‍ രാത്രി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണ്ണവും കൊള്ളയടിക്കാന്‍ സംഘം. രണ്ടുവാഹങ്ങളില്‍ മാരകായുധങ്ങളുമായി ചുരത്തില്‍ പതിയിരുന്ന സംഘത്തെ കര്‍ണ്ണാടക പൊലീസ് പിടികൂടി. മലയാളി വിദ്യാര്‍ത്ഥികളങ്ങുന്ന ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം വിരാജ്പേട്ട റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് മാരകായുധങ്ങളുമായി സംഘം പതിയിരിക്കുകയായിരുന്നു. രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസിനെ കണ്ടതും ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് പരിശോധിച്ചപ്പോഴാണ് മാരക ആയുധങ്ങളുമായി ഒന്‍പതംഗ സംഘം പിടിയിലാകുന്നത്.
ഇവരുടെ രണ്ട് വണ്ടികളില്‍ നിന്നും ഇരുമ്പ് വടികള്‍, മുളക് പൊടി, എട്ട് കിലോ മെര്‍ക്കുറി, കത്തി ,വടിവാള്‍, എന്നിവ കണ്ടെടുത്തു. രാത്രിയില്‍ ഇതുവഴി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പണവും സ്വര്‍ണവും കൊള്ളയടിക്കുക ആയിരുന്നു ഉദ്ദേശ്യമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വടകര ചോമ്പാല സ്വദേശി 22കാരനായ വൈഷ്ണവ്, കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി 20കാരനായ അഭിനവ് എന്നിവരും കര്‍ണാടക സ്വദേശികളായ ഏഴ് പേരുമാണ് സംഘത്തിലുള്ളത്. ഇതില്‍ അഭിനവ് തലശ്ശേരി എന്‍ടിടിഎഫ് പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
പ്രോജക്ടിനായി കര്‍ണാടകത്തിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് അഭിനവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറ് മാസമായി അടച്ചിട്ടിരുന്ന മാക്കൂട്ടം ചുരം പാത രണ്ടാഴ്ചകള്‍ക്ക് മുന്നെയാണ് വീണ്ടും തുറന്നുകൊടുത്തത്. കൊടും കാടും വളവുകളും നിറഞ്ഞ 20 കിലോമീറ്റര്‍ വന പാത വൈദ്യുദീകരിച്ചിട്ടുമില്ല. മൊബൈലില്‍ റേഞ്ച് പോലും കിട്ടാറില്ല.
പിടിയിലായ സംഘത്തെ കൊവിഡ് പരിശോധന നടത്തി. കര്‍ണാക സ്വദേശിയായ ഒരാള്‍ക്ക് രോഗമുണ്ട്. ഇയാളെ മടിക്കേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം മടിക്കേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു. സംഘത്തിന് മറ്റാരെങ്കിലും ബന്ധമുണ്ടോയെന്ന വിശദമായ പരിശോധന പൊലീസ് ആരംഭിച്ചിട്ടുണ്ട്.