BREAKINGKERALA

‘റെഡ് ആര്‍മിയുടെ അഡ്മിനല്ല, അച്ഛനെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നു’; മനുവിന് വക്കീല്‍ നോട്ടീസയച്ച് ജെയിന്‍

കണ്ണൂര്‍: പാര്‍ട്ടിവിട്ട സി.പി.എം. മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. അപകീര്‍ത്തികരമായ പരാമര്‍ശത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ക്വട്ടേഷന്‍ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.
ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു മനു ജെയിനിനെതിരേ ആരോപണം ഉന്നയിച്ചത്. ക്വട്ടേഷന്‍ സംഘാം?ഗങ്ങളുമായി ജെയിന് ബന്ധമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് അദ്ദേഹമാണെന്നും മനു ആരോപിച്ചു. എന്നാല്‍, മനു തോമസിന്റെ ആരോപണങ്ങളെല്ലാം ജെയിന്‍ രാജ് തള്ളി.
താന്‍ വിദേശത്ത് മാന്യമായി ജോലിചെയ്ത് ജീവിക്കുകയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് അച്ഛനേയും പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുന്നു. ‘റെഡ് ആര്‍മി’ പേജിന്റെ അഡ്മിന്‍ താനല്ല. 50 ലക്ഷം അല്ലെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
പാര്‍ട്ടി തെറ്റുകള്‍ തിരുത്താത്തതിനാല്‍ സ്വയം തിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് മനു തോമസ് സി.പി.എം. വിട്ടതോടെയാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കമായത്. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മനു സാമൂഹികമാധ്യമത്തില്‍ നല്‍കിയ മറുപടി ഏറ്റുപിടിച്ച് പി. ജയരാജന്‍ രംഗത്തെത്തിയതോടെയാണ് വിവാദം മറ്റൊരു തലത്തിലേക്ക് വളര്‍ന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പി. ജയരാജന്റെ കുറിപ്പിന് പിന്തുണയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും ടി.പി. കൊലക്കേസ് പ്രതി കെ.കെ. മുഹമ്മദ് ഷാഫിയും രംഗത്തെത്തിയതും വിവാദത്തിന് പുതിയ മാനങ്ങള്‍ നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button