LOCAL NEWSVAYANADU

അഴിമതിരഹിത ഭരണം നന്മയുടെ വിപ്ലവം സൃഷ്ടിക്കും: മാര്‍ ജോസ് പൊരുന്നേടം

മാനന്തവാടി:മാനന്തവാടി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സംഗമം കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ദ്വാരക സെഡോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രസ്തുത സംഗമം മാര്‍. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. അഴിമതി രഹിത ഭരണം നന്‍മയുടെ വിപ്ലവം സൃഷ്ടിക്കുമെന്നും സാധാരണ മനുഷ്യരുടെ ഉന്നമനത്തിനും സുഖജീവിതത്തിനും സഹായകമായി വര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ആദ്യ ഘടകമാണ് ത്രിതല പഞ്ചായത്ത് അംഗങ്ങളെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ്പ് വ്യക്തമാക്കി.
വയനാടിന്റെ വികസനത്തിന് നാന്ദി കുറിക്കാന്‍ വയനാട് മെഡിക്കല്‍ കോളേജ്, വന്യമൃഗശല്യത്തില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കുന്നതിനുള്ള സത്വര നടപടികള്‍, റോഡുകളുടെ വികസനവും പണി പൂര്‍ത്തിയാക്കലും വേഗത്തില്‍ ആക്കണമെന്നും അതിനായി ജനപ്രതി നിധികള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ തന്റെ അനുഗ്രഹ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിടുന്ന സമുദായമായി മാറികൊണ്ടിരിക്കുന്ന ക്രൈസ്തവ സമുദായത്തെ ധ്രുവീകരണത്തിന്റെ വഴികളില്‍ നിന്ന് വികസനത്തിന്റെ കൂട്ടായ്മയുടെ ശാക്തീകരണത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന് കഴിയണമെന്നും അതിനായി കരുത്താര്‍ജ്ജിക്കണമെന്നും ലോകം മുഴുവനുമുള്ള സമുദായ അംഗങ്ങളെ കോര്‍ത്തിണക്കുന്ന പദ്ധതികള്‍ക്ക് പരിശ്രമങ്ങള്‍ക്കും കരുത്തായി കരുതലായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം ആഹ്വാനം ചെയ്തു.
രൂപത ഡയറക്ടര്‍ ഫാ. ആന്റോ മമ്പള്ളി അഭിസംബോധന പ്രസംഗം നടത്തി. രൂപത പ്രസിഡണ്ട് ഡോ. കെ. പി. സാജു അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, റവ. ഫാ. പോള്‍ വാഴപ്പിള്ളി, വര്‍ക്കി നിരപ്പേല്‍, സൈമണ്‍ ആനപ്പാറ, ജനപ്രതിനിധികളായ റോയി നമ്പുടാകം, സിനോ പാറക്കാല, ബീന ജോസ് കരിമാംകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കുകയും ജോര്‍ജുകുട്ടി വിലങ്ങപ്പാറ, ജെയിംസ് മറ്റത്തില്‍, ജോസ് കുറുമ്പാലക്കാട്ട്, തോമസ് ആര്യമണ്ണില്‍, ലൗലി ഇല്ലിക്കല്‍, ജോയി പുളിക്കല്‍, മോളി കരിമ്പനാക്കുഴി എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.

Related Articles

Back to top button