കെ. എം. സന്തോഷ്കുമാര്‍
ലോക ഫുട്ബോളിന്റെ പര്യായമായിരുന്നു മാറഡോണ .. കാല്പാദങ്ങളാല് ഫുട്ബോളില്‍ കവിത രചിച്ച അപൂര്‍വ്വ വിസ്മയം. നേടിയ ഗോളുകളുടെ എണ്ണത്താലല്ല, പങ്കെടുത്ത മല്‍സരങ്ങളുടെ പട്ടികയിലല്ല മാറഡോണ ലോക കായിക കലാപ്രേമികളുടെ ഹൃദയത്തുടിപ്പായത്… അത് ചരിത്രഗതിയുടെ മഹാ പ്രയാണത്തില്‍ ചിലര്‍ക്കു മാത്രം കയറാനാവുന്ന കായിക കലാ സര്‍വ്വജ്ഞപീഠം. മലയാളികളെ സംബന്ധിച്ച് മാറഡോണ ഒരു വികാരമായിരുന്നു. ഓരോ മലയാളിയിലും നിറഞ്ഞ് നിന്ന, ഫുട്ബോള്‍ കളിയുടെ പര്യായമായിരുന്നു ആ അപൂര്‍വ്വ കായിക പ്രതിഭ. പെലേയ്ക്കു ശേഷം ലോക കായിക രംഗത്ത് ഇത്രമേല്‍ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല എന്നത് ഒരിയ്ക്കലുമൊരു അതിശയോക്തിയല്ല.. മലയാളികള്‍ക്ക് അദ്ദേഹം ഒരു ലാറ്റിനമേരിക്കനായിരുന്നില്ല ഒരിയ്ക്കലും… നമ്മോട് ചേര്‍ന്നു നില്ക്കുന്ന, കൂട്ടുകാരനോ, അയല്‍വാസിയോ ആയ ഒരാള്‍… മാറഡോണയുടെ കാല് പാദത്തിന്റെ ചലനവേഗത്തോടൊപ്പമായിരുന്നു ,ലോകത്തിലെ ഓരോ ഫുട്ബോള്‍ പ്രേമികള്‍ക്കുമൊപ്പം ഓരോ മലയാളിയും. മാനവ സമൂഹത്തിന് കായിക രംഗത്ത്, കാലം കരുതി തന്ന പ്രതിഭയായിരുന്നു മാറഡോണ..ഈ കുറിപ്പ് അദ്ദേഹം നേടിയ മഹാ സ്കോറുകളുടെ ഗണിത പട്ടികയല്ല ഇത്. കാല്പന്തുകളിയുടെ താരതമ്യങ്ങളില്ലാത്ത ദൈവത്തിന് ഒരു വി നീത ഭക്തന്റെ ശ്രാദ്ധാഞ്ജലി മാത്രം .. കാലം ഓരോ ഘട്ടത്തിലും ഓരോരോ അവതാരങ്ങളെ ലോകത്തിന് സമ്മാനിക്കും.. ഇക്കാലത്തിന്റെ ഫുട്ബോള്‍ ഇതിഹാസ പുരുഷനാണ് മാറഡോണ .. ഓരോ സ്റ്റേഡിയത്തിലും അങ്ങയുടെ ശ്വാസ നിശ്വാസങ്ങള്ക്കൊപ്പമായിരുന്നു ഞങ്ങളുടെ ഹൃദയസ്പന്ദനം.. ഇപ്പോള്‍ കാലമെന്ന മഹാ മാന്ത്രികന് ആ നിശ്വാസങ്ങളെ മനുഷ്യര്ക്കുക്കപ്പുറമുള്ള ലോകത്തേയ്ക്ക് അപഹരിച്ചു കൊണ്ടു പോകുമ്പോള്‍, നിസ്സഹായരായ പാവം ഈ മനുഷ്യര്‍ക്കെന്ത് ചെയ്യാനാകും? അനന്ത വിശാലമായ പ്രപഞ്ച മൈതാനത്ത്, സൗരയൂഥത്തിന് കളിക്കളത്തില്‍ നീ ഇനിയും കളി തുടരുമെന്ന് ഞങ്ങള്‍ക്കറിയാം.. മനുഷ്യ ചേതനയ്ക്ക് അഗോചരമായ ആ കളിക്കളത്തില്‍ മാറഡോണ എന്ന ഫുട്ബോള്‍ മാന്ത്രികന്, തന്റെ ചടുല ചലനം കൊണ്ട് തീര്‍ക്കുന്ന മഹാ വിസ്മയം ഞങ്ങള്‍ , ഭാവനയാല്‍ കാണും.. അങ്ങനെ നീ ഞങ്ങളില്‍ അനശ്വരനാകും..