LATESTFOOTBALLSPORTS

മാറഡോണ ചരിത്രത്തില്‍ കുറിച്ച കൈയ്യിലും കാലിലും നേടിയ ഗോളുകള്‍

1986 ലോകകപ്പിലെ സൂപ്പര്‍താരമായിരുന്നു മാറഡോണ. ജൂണ്‍ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്‌റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മാറഡോണയുടെ ഏറ്റവും ‘കുപ്രസിദ്ധവും’ ‘സുപ്രസിദ്ധവു’മായ ഗോളുകള്‍ പിറന്നത്. രണ്ടം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു ‘ദൈവത്തിന്റെ കൈ’ എന്ന പേരില്‍ വിഖ്യാതമായ വിവാദ ഗോള്‍. പെനല്‍റ്റി ബോക്‌സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു. അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മാറഡോണയുടെ ഇടംകൈയ്യില്‍ തട്ടി ഗോള്‍ വീഴുകയായിരുന്നു. .ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്‍ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരന്‍ റഫറി അലി ബെന്നസീര്‍ ഗോള്‍ അനുവദിച്ചു.ഉപായത്തില്‍ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാന്‍ മുന്നേറ്റമായിരുന്നു.
ആദ്യ ഗോളിന്റെ നാണക്കേടു മുഴുവന്‍ കഴുകിക്കളഞ്ഞ അനശ്വര മുഹൂര്‍ത്തം നാലു മിനിറ്റുകള്‍ക്കുശേഷം പിറന്നു. മാറഡോണ സ്വന്തം ഹാഫില്‍നിന്നാരംഭിച്ച ഒറ്റയാന്‍ മുന്നേറ്റത്തിന്റെ പരിസമാപ്തി അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെന്‍ട്രല്‍ സര്‍ക്കിളില്‍നിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് മുന്നിലെത്തുമ്പോള്‍ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ മാത്രം. അദ്ദേഹത്തെയും ഡ്രിബിളില്‍ മറികടന്ന് മുന്നിലെ ഗോള്‍ വലയത്തിലേക്ക് പന്തെത്തിക്കുമ്പോള്‍ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോള്‍ ആരാധകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയായ ആ ഗോളിന്റെ ഓര്‍മയ്ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തില്‍ സ്മരണിക ഫലകം സ്ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അര്‍ജന്റീനയെ സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്.
‘ദൈവത്തിന്റെ’ ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി.”മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാന്‍ കഴിയുമെങ്കില്‍ ഞാനതു ചെയ്യുമായിരുന്നു. പക്ഷേ, അതു സാധ്യമല്ലല്ലോ. ഗോള്‍ ഗോളായിത്തന്നെ നിലനില്‍ക്കും. അര്‍ജന്റീന ചാംപ്യന്‍മാരായും ഞാന്‍ മികച്ച കളിക്കാരനായും ചരിത്രത്തില്‍ നിലനില്‍ക്കും.” മാറഡോണ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker