ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ചട്ടിയുമായി ഭിക്ഷയാചിക്കാന്‍ ഇറങ്ങിയ ഇരുന്നൂറേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. ഈ മാസം 12 ന് വീടിന്റെ താക്കോല്‍ കൈമാറും. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും പോസ്റ്റില്‍ സുധാകരന്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
മറിയക്കുട്ടി ചേട്ടത്തി ഒരു പ്രതീകമാണ് .
സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകം
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നത് തന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ് . എന്നാല്‍ പെന്‍ഷന്‍ അവകാശമല്ല ഔദാര്യമാണ് എന്നാണ് വിജയന്റെ സര്‍ക്കാര്‍ കോടതിയില്‍ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങള്‍ മാത്രമല്ല, പെന്‍ഷന്‍ ചോദിച്ച് ഇറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജ പ്രചാരണം നടത്തി അങ്ങേയറ്റം നാണംകെടുത്തുകയും ചെയ്തു സിപിഎം.
സിപിഎം ഈ വന്ദ്യ വയോധികയെപ്പറ്റി നവമാധ്യമങ്ങളില്‍ അശ്ലീല കഥകള്‍ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നം മുട്ടിച്ച സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിപിഎം അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിര്‍മ്മിച്ചു കൊടുക്കുമെന്ന് പറഞ്ഞ വീട് പൂര്‍ത്തിയായിരിക്കുന്നു.
വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അവരുടെ ഹൃദയ വികാരമാണ് നമ്മുടെ കോണ്‍ഗ്രസ്.