BREAKING NEWSLATESTNATIONAL

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണോ? പ്രധാനമന്ത്രി ഉടന്‍ തീരുമാനിക്കും

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ധപ്പെട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് ‘രാജ്യത്തെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം’ ഉടന്‍ നിശ്ചയിക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍. ഇക്കാര്യത്തിഥ യര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.’ പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷികമേഖലയുമായുള്ള രാജ്യത്തിന്റെ സുദീര്‍ഘബന്ധത്തിന്റെ 750ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാന്‍ അനുവദിച്ചിരിക്കുന്ന പ്രായം. ഇതില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഉയര്‍ത്തിയേക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ജല്‍ ജീവന്‍ പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവാഹപ്രായവും സ്ത്രീകള്‍ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു. ഇതിനു പുറമെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, ശിശുമരണനിരക്ക്, ഗര്‍ഭകാലത്തെ പോഷകാഹാര ലഭ്യത, സ്ത്രീപുരുഷ അനുപാതം, തുടങ്ങിയ കാര്യങ്ങളും ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കുമെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്നത് പുനഃപരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന രാജ്യസഭാ എംപി സുശീല്‍ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിനായിരുന്നു മറുപടി.

Related Articles

Back to top button