BUSINESSBUSINESS NEWS

മാസ്‌കോം സ്റ്റീല്‍ ഇന്ത്യ ഹോള്‍സെയില്‍ സെന്ററിനു തുടക്കം

കൊച്ചി: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സേവനങ്ങള്‍ അഭിമാനകരമാണെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ജി.കെ. ഗ്രൂപ്പിന്റെ ടിഎംടി കമ്പികളുടെ നിര്‍മാണ, വിതരണ കമ്പനിയായ മാസ്‌കോം സ്റ്റീല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിററഡ് ആലുവ അശോകപുരത്ത് ആരംഭിച്ച ഹോള്‍സെയില്‍ സെയില്‍സ് സെന്റര്‍ (ഫാക്ടറി ഔട്ട്‌ലെറ്റ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
40 ലധികം വര്‍ഷങ്ങളായി ജി.കെ. ഗ്രൂപ്പ് നിര്‍മാണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ്. കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, റിഫൈനറി, ദേശീയപാത, പാലങ്ങള്‍, സറ്റേഡിയങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്കാവശ്യമായ ക്രഷര്‍ ഉല്പന്നങ്ങള്‍ ലഭ്യമാക്കാനും വിശ്വാസ്യത വളര്‍ത്താനും കമ്പനിക്കു സാധിച്ചിട്ടുണ്ട്. ജി.കെ. ഗ്രൂപ്പ് എംഡി ജോര്‍ജ് ആന്റണിയുടെ നേതൃത്വം മാതൃകാപരമാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സംസ്ഥാന പുരസ്‌കാരവും ഉപരാഷ്ട്രപതിയില്‍ നിന്നു ബിസിനസ് എക്‌സലന്‍സി പുരസ്‌കാരവും ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ടിഎംടി കമ്പികളുടെ നിര്‍മാണത്തില്‍ മികവു തെളിയിച്ച മാസ്‌കോം സ്റ്റീല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നതിന്റെ ഭാഗമാണ് ആലുവ അശോകപുരത്ത് ആരംഭിച്ച പുതിയ സെയില്‍സ് സെന്ററെന്നും ഓണ്‍ലൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംപി കെ. ചന്ദ്രന്‍പിള്ള ആദ്യവില്പന നിര്‍വഹിച്ചു. ബെന്‍ഡിംഗ് മെഷീന്റെ ഉദ്ഘാടനം മിസ്റ്റര്‍ യൂണിവേഴ്‌സ് ചിത്തരേഷ് നടേശന്‍ ഉദ്ഘാടനം ചെയ്തു.
ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍, ജിസിഡിഎ ചെയര്‍മാന്‍ വി. സലിം, മാസ്‌കോം സ്റ്റീല്‍ ഇന്ത്യ എംഡി ജോര്‍ജ് കുരീക്കല്‍, വി.സി. ജെയിംസ്, ജനപ്രതിനിധികളായ എ.പി. ഉദയകുമാര്‍, ബാബു പുത്തനങ്ങാടി, അലീഷ ലിനേഷ്, ഫാ. ആന്റണി പുതിയാപറമ്പില്‍, ശ്രീകുമാരന്‍ നമ്പൂതിരി, സി.എ. ഫസലുദ്ദീന്‍, ജി.കെ. ഗ്രൂപ്പ് ഡയറക്ടര്‍മാരായ സ്റ്റെഫിന്‍ ജോര്‍ജ്, സ്‌റ്റെന്‍ ജോര്‍ജ്, ആശ സ്റ്റെഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.
25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വിശാലമായ ഗോഡൗണും ഔട്ട്‌ലെറ്റും ഉള്‍പ്പെടുന്ന ഹോള്‍സെയില്‍ സെന്ററില്‍ 6 എംഎം മുതല്‍ 32 എംഎം വരെയുള്ള ഗുണമേന്മയുള്ള ‘മാസ്‌കോം ടിഎംടി’ ഏസിസി ടിഎംടി’ എന്നി ബ്രാന്‍ഡുകളിലുള്ള ടിഎംടി കമ്പികള്‍, കമ്പനി വിലയില്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി കുരീക്കല്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker