LATESTMOBILETECH

ഇനി വരുന്നത് മാസ്‌ക്‌ഫോണ്‍ കാലം… ഇതാ എത്തിക്കഴിഞ്ഞു

കൊവിഡ്19 അഥവാ കൊറോണ കാലത്തിന്റെ വരവോടെ നമ്മുടെ നിത്യജീവിതത്തില്‍ കാതലായ മാറ്റമുണ്ടായി. സ്വയം ശുചിത്വം ഏറിയതോടൊപ്പം സാനിറ്റൈസര്‍, മാസ്‌ക് നിത്യ ജീവിതത്തിന്റെ ഭാഗമായി. അടുത്ത കാലത്തൊന്നും ഫേയ്‌സ് മാസ്‌കുകള്‍ നിത്യജീവിതത്തില്‍ നിന്നും മാറില്ല എന്നും വ്യക്തമാണ്. ഇതോടെ ഫേസ് മാസ്‌കുകളില്‍ പലരും പരീക്ഷണം ആരംഭിച്ചു. ടെക് പ്രാന്തന്മാരെ നോട്ടമിട്ട് ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്‌സും ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജിയും അടുത്തിടെ ഹൈടെക് മാസ്‌കുകള്‍ വില്പനക്കെത്തിച്ചിരുന്നു. ഇക്കൂട്ടത്തിലേക്കുള്ള പുത്തന്‍ താരമാണ് ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാല്‍വാനിയുടെ ടെക് കമ്പനിയായ ഹബ്ബിള്‍ കണക്ടഡ് അവതരിപ്പിച്ചിരിക്കുന്ന മാസ്‌ക്‌ഫോണ്‍. ഒരു പടി കൂടെ കടന്നാണ് ഹബ്ബിള്‍ കണക്ടഡ് മാസ്‌ക്‌ഫോണിന്റെ നിര്‍മ്മിതി. മെഡിക്കല്‍ഗ്രേഡ് N95 ഫില്‍റ്റര്‍ മാസ്‌കും വയര്‍ലെസ്സ് ഹെഡ്‌ഫോണും ചേര്‍ന്നതാണ് മാസ്‌ക്‌ഫോണ്‍.
ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്‌ക്‌ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. N95 ഫില്‍റ്റര്‍ മാസ്‌കും വയര്‍ലെസ്സ് ഹെഡ്‌ഫോണും മാത്രമല്ല മൈക്രോഫോണും മാസ്‌ക്‌ഫോണില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതുവഴി പാട് കേള്‍ക്കാനും, ഫോണ്‍ വിളിക്കാനും മാസ്‌ക്‌ഫോണ്‍ വഴി സാധിക്കും. ഇന്‍ബില്‍റ്റ് മൈക്രോഫോണ്‍ വ്യക്തതയുള്ള സംഭാഷണം ഫോണ്‍ കോളില്‍ ഉറപ്പിക്കും. ഫോണ്‍ കോള്‍ എടുക്കാനും ശബ്ദം ക്രമീകരിക്കാനും മാസ്‌കില്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്. ബില്‍റ്റ്ഇന്‍ വയര്‍ലെസ്സ് ഇയര്‍ബഡ്‌സ് ആണ് മാസ്‌ക്‌ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല വോയിസ് പ്രൊജക്ഷനും ഉള്‍പെടുത്തിയിട്ടുണ്ട്. നേര്‍ക്കുനേര്‍ ഒരാള്‍ വന്നു സംസാരിക്കുമ്പോഴും വ്യക്തതയ്ക്കായി മാസ്‌ക് മാറ്റേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.
ഊരിമാറ്റി വൃത്തിയാക്കാവുന്ന ഫില്‍റ്റര്‍ ആണ് മാസ്‌ക്‌ഫോണില്‍. മാത്രമല്ല അലക്‌സാ, സിരി, ഗൂഗിള്‍ അസിസ്റ്റ് എന്നുവയുമായി വോയിസ് അസിസ്റ്റും മാസ്‌ക്‌ഫോണ്‍ വഴി ഉപയോഗപ്പെടുത്താം. ഒരു ഫുള്‍ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ മാസ്‌ക്‌ഫോണ്‍ തുടര്‍ച്ചായി ഉപയോഗിക്കാം. 49 ഡോളര്‍ ആണ് മാസ്‌ക്‌ഫോണിന്റെ വില. ഏകദേശം 3,600 രൂപ. ഇന്ത്യയിലേക്ക് പക്ഷെ കയറ്റുമതി ആരംഭിച്ചിട്ടില്ല.
പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫൈയര്‍ എന്ന് പേരിട്ടിക്കുന്ന മാസ്‌കുകള്‍ ആണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജി അടുത്തിടെ അവതരിപ്പിച്ചത്. രണ്ട് H13 HEPA ഫില്‍റ്ററുകള്‍ ചേര്‍ന്നതാണ് എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക്. എല്‍ജിയുടെ ഹോം എയര്‍ പ്യൂരിഫൈയര്‍ ഉത്പന്നങ്ങള്‍ക്കുള്ളിലും ഇതേ ഫില്‍റ്ററുകളാണ്. ഫില്‍റ്റര്‍ ഊരിമാറ്റി പുതിയത് സ്ഥാപിക്കാം എന്നുള്ളതാണ് പ്രത്യേകത. ശ്വാസമെടുക്കുമ്പോഴും നിശ്വസിക്കുമ്പോഴും ആയാസരഹിതമാക്കാന്‍ രണ്ട് ഇന്‍ബില്‍റ്റ് ഫാനുകളും എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക്കിലുണ്ട്. ഒപ്പമുള്ള റെസ്പിറേറ്ററി സെന്‍സര്‍ ധരിക്കുന്ന വ്യക്തിയുടെ ശ്വാസോച്ഛാസത്തിന്റെ തോത് മനസ്സിലാക്കി ഫാനിന്റെ സ്പീഡ് നീയത്രിക്കുകയും ചെയ്യും.
820mAh ബാറ്ററിയാണ് എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക്കിന്. ലോ മോഡിലിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 8 മണിക്കൂര്‍ വരെയും ഹൈ മോഡിലിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ രണ്ട് മണിക്കൂര്‍ വരെയും ഈ ബാറ്ററി ഉപയോഗിച്ച് എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക് പ്രവര്‍ത്തിപ്പിക്കാം. അള്‍ട്രാവയലറ്റ് (യുവി) എല്‍ഇഡി ലൈറ്റുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മാസ്‌ക് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു കെയ്‌സുമായാണ്എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക് വരുന്നത്.
ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്‌സ് തങ്ങളുടെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാവുന്ന സ്മാര്‍ട്ട് മാസ്‌കിന് സിമാസ്‌ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള സി മാസ്‌ക് നാം സാധാരണ ധരിക്കുന്ന മാസ്‌കിന് മുകളിലായാണ് ധരിക്കേണ്ടത്. ബ്ലൂടൂത്ത് സംവിധാനം ഉപയോഗപ്പെടുത്തി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണോ, ടാബ്‌ലെറ്റോ ആയി സി മാസ്‌ക് ബന്ധിപ്പിക്കാം. കാള്‍, വോയിസ് മെസ്സേജുകള്‍ ചെയ്യാന്‍ പിന്നെ സി മാസ്‌ക് മതി. സംസാരിക്കുന്ന കാര്യങ്ങള്‍ മെസ്സേജ് രൂപത്തിലേക്ക് മാറ്റാനും, സംസാരിക്കുന്ന വ്യക്തിയുടെ സ്വരം കൂടുതല്‍ വ്യക്തമായി മറുഭാഗത്തുള്ള വ്യക്തിയെ കേള്‍പ്പിക്കാനും സി മാസ്‌കിന് സാധിക്കും.

Related Articles

Back to top button