സ്റ്റോഹോം: കൊറോണയ്ക്കെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്ത രാജ്യമെന്ന പഴികേട്ട സ്വീഡന്റെ ഉന്നത കൊറോണാവൈറസ് വിദഗ്ധന്‍ ജനങ്ങളോട് മാസ്ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന വാദവുമായി രംഗത്ത്. പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നത് വളരെ വലിയ അപകടമാണെന്ന് സ്വീഡന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ചീഫ് എപ്പിഡെമോളജിസ്റ്റ് ആന്‍ഡേഴ്സ് ടെഗ്നെല്‍ പറഞ്ഞു. മാസ്ക് ധരിച്ച് തിരക്കേറിയ മുറികളിലും, പൊതുയാത്രാ സംവിധാനങ്ങളും സുരക്ഷിതരാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം. മാര്‍ച്ചില്‍ വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളെ അനുഗമിച്ച് രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ വിസമ്മതിച്ച ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധനാണ് ടെഗ്നെല്‍. മാസ്ക് നിര്‍ബന്ധമാക്കിയ ബെല്‍ജിയം, സ്പെയിന് പോലുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകല്‍ വീണ്ടും വര്‍ദ്ധിക്കുന്നതായാണ് തന്റെ നിലപാടിന് ന്യായീകരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
‘കൊവിഡ്19 കളി മാറ്റിമറിക്കാന്‍ മാസ്കുകള്‍ക്ക് സാധിക്കുമെന്ന ചിന്ത അപകടകരമാണ്. മറ്റ് കാര്യങ്ങള്‍ സുരക്ഷിതമായിരിക്കുമ്പോള്‍ മാസ്ക് അണിയുക കൂടി ചെയ്യുന്നത് ഗുണകരമാകാം. എന്നാല്‍ മാസ്ക് അണിഞ്ഞതിന്റെ പേരില്‍ തിരക്കുള്ള ബസിലും, ഷോപ്പിംഗ് മാളിലും ചെന്നുകയറുന്നത് വലിയ തെറ്റാണ്’, ഡോ. ടെഗ്നെല്‍ വിശദീകരിച്ചു. സ്വീഡനിലെ ജനങ്ങളെ നിര്‍ബന്ധമായി മാസ്ക് ധരിപ്പിക്കണമെന്ന വാദത്തെ അദ്ദേഹം നേരത്തെ തള്ളിയിരുന്നു. ഇത് ഫലപ്രദമാണെന്ന് കാണിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ഡോ. ടെഗ്നെല്‍ പറയുന്നത്. അതേസമയം പ്രായമായവരെ ബലികൊടുത്ത് ഹെര്‍ഡ് ഇമ്മ്യൂണിറ്റി നേടാനുള്ള ഇദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ പല വിദഗ്ധരും രംഗത്ത് വന്നിട്ടുണ്ട്.