ENTERTAINMENTTAMIL

മാസായി ‘മാസ്റ്റര്‍’ എത്തി; ആഘോഷത്തിമിര്‍പ്പില്‍ ആരാധകര്‍

ചെന്നൈ: നീണ്ട കാത്തിരിപ്പിനുശേഷം വിജയ് ചിത്രം മാസ്റ്റര്‍ തിയറ്ററുകളിലെത്തി. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്‍ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല.
ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റര്‍ ചിത്രം കഴിഞ്ഞ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി. ഒടുവില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ പൊങ്കലിന്റെ തലേദിവസം തന്നെ മാസ്റ്റര്‍ പുറത്തിറങ്ങി.
പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തീയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു.
തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലും തിയറ്ററുകള്‍ ഇന്നുമുതല്‍ തുറക്കും. മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തില്‍ പ്രദര്‍ശനം.
അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകും. വലിയൊരു ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്ന് തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.
ഇത്രയുംകാലം അടച്ചിട്ടതിനാല്‍ തിയറ്ററുകളിലെ പ്രൊജക്ടര്‍, ജനറേറ്റര്‍, എ.സി. തുടങ്ങിയവയെല്ലാം മിക്കയിടങ്ങളിലും കേടായനിലയിലായിരുന്നു. എ.സി. തിയേറ്ററുകളുടെ ഭിത്തിയും സീറ്റുകളും പൂപ്പല്‍പിടിച്ചു. വീണ്ടും തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മൂന്നുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ ചെലവായതായി തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക് ചൂണ്ടിക്കാട്ടുന്നു.
എല്ലാ തിയറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുക. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കുംവിധം ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കും കാണികള്‍ക്കും ഗ്ലൗസും സാനിറ്റൈസറും നല്‍കാനും സജ്ജീകരണമായി.
ജനങ്ങള്‍ തിയേറ്ററിലേക്കു എത്രയെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ ചിത്രമായിട്ടില്ല. മലയാള ചിത്രങ്ങള്‍ കൂടുതലായി എത്തുമ്പോഴായിരിക്കും കാണികളുടെ യഥാര്‍ഥനിലപാട് വ്യക്തമാകുകയെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. മുഖ്യമന്ത്രി തന്ന ഉറപ്പുകളില്‍ വിശ്വസിച്ചാണ് തിയേറ്ററുകള്‍ തുറക്കുന്നതെന്നും ഉടമകള്‍ പറയുന്നു.
ഒടിടി പ്ലാറ്റ്‌ഫോം വേണ്ടെന്നുവെച്ച് ആരാധകരുടെ കൂടെനിന്ന വിജയിന്റെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല. സിനിമയുടെ തിരിച്ചുവരവിനായി ത്രില്ലോടെ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാം.കേരളത്തിലെ വിജയ് ഫാന്‍സ് നേതാക്കള്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker