പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ ആരോപണ വിധേയരായ വനംവകുപ്പ് ഉദ്യോസ്ഥര്‍ക്ക് സസ്പെന്ഷന്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര് രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തേക്കും എന്നാണ് സൂചന. അതേസമയം, വനം വകുപ്പ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന തെളിവുകള്‍ പുറത്തുവന്നു. മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.
മത്തായിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയ ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ നല്കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനപാലകര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നാണ് സൂചന. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ജിഡി അടക്കമുള്ള രേഖകളില്‍ തിരുമറി നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. രേഖകള്‍ തിരുത്താന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത് തൊട്ടടുത്ത ഗുരുനാഥന്മണ് ഫോറസ്റ്റ് രണ്ട് ഉദ്യോഗസ്ഥാരാണ്. സംഭവ ദിവസം രാത്രിയില്‍ ഇരുചക്ര വാഹനത്തില്‍ ചിറ്റാറില്‍ എത്തിയ ഇവര്‍ വടശ്ശേരിക്കരയിലെ വനം വകുപ്പ് ഗസ്റ്റ് ഹൗസിലെത്തിച്ചാണ് രേഖകള്‍ തിരുത്തിയത്. ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് ജിഡി തിരികെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത് റെയ്ഞ്ച് ഓഫീസറും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറും. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജിഡി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. മത്തായി മരിച്ച ദിവസം രാത്രി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. മത്തായിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുത്തു.