തിരുവനന്തപുരം: മാസപ്പടി ആരോപണം വീണ്ടും നിയമ സഭയില്‍ ഉയര്‍ത്തി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. വ്യവസായ വകുപ്പ് ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ എല്ലാ മാസവും അനാഥാലയങ്ങളില്‍ നിന്ന് വീണാ വിജയന്‍ പണം പറ്റി എന്ന് വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കോടതിയില്‍ നില്‍ക്കുന്ന വിഷയം സഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴല്‍ നാടന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഓഫ് ചെയ്തു.
മാസപ്പടിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴല്‍നാടന്‍ എഴുന്നേറ്റത്. നിങ്ങള്‍ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യല്‍ മീഡിയക്കും വേണ്ടി നിയമസഭയില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ പിന്മാറാന്‍ തയ്യാറായില്ല. പിവി എന്നത് താനല്ല എന്നാണ് പിണറായി പറയുന്നതെന്നും ഹൈക്കോടതി പിണറായിക്ക് നോട്ടീസ് അയച്ചുവെന്നും പിവി താനല്ലെന്ന് ഹൈക്കോടതിയില്‍ പിണറായി വിജയന്‍ പറയട്ടെയെന്നും പറഞ്ഞ മാത്യു പി എന്നത് പിണറായി അല്ലെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാമെന്നും പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ കോടതിയില്‍ നില്‍ക്കുന്ന വിഷയം സഭയില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. എന്നിട്ടും മാത്യു പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ സ്പീക്കര്‍ എംഎല്‍എയുടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.
1,095 1 minute read