KERALALATEST

മത്തി വന്നു തുടങ്ങി, കുഞ്ഞനാണേ… പിടിക്കരുത്

തിരുവനന്തപുരം: അഞ്ചുവര്‍ഷമായി ക്ഷാമംനേരിട്ടിരുന്ന മത്തി തെക്കന്‍ കേരളതീരത്ത് ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ പ്രത്യുത്പാദനഘട്ടത്തില്‍ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
1416 സെന്റീമീറ്ററാണ് മത്തിയുടെ വലുപ്പം. ഇവ പ്രത്യുത്പാദനത്തിന് സജ്ജമാകാന്‍ മൂന്നുമാസംകൂടി വേണ്ടിവരും. 10 സെന്റീമീറ്ററില്‍ക്കൂടുതല്‍ വലുപ്പമുള്ള മത്തിയെ പിടിക്കാമെന്നാണ് നിയമം. എന്നാല്‍ മുട്ടയിടാന്‍ പാകമാകാത്ത ഇവയെ പിടിച്ചാല്‍ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.
2019ല്‍ കിട്ടിയ 44,320 ടണ്‍ മത്തി കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറവാണ്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാമാറ്റങ്ങളാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
ചെറിയത് പിടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ തിരിച്ചുവരവ് പരമാവധി വേഗത്തിലാവും. ഇക്കാര്യം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Related Articles

Back to top button