BREAKING NEWSKERALA

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത് 8 മാവോയിസ്റ്റുകള്‍; കീഴടങ്ങല്‍ പദ്ധതിയും ഫയലില്‍ മാത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ഏറ്റുമുട്ടലില്‍ വീണ്ടുമൊരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെടുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ നിരവധി. വൈത്തിരിയിലെ ജലീലി (26) ന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികള്‍ നിലനില്‍ക്കെയാണ് ഒരാള്‍ കൂടി ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ 9.15 ഓടെ പടിഞ്ഞാറത്തറ ബാണാസുര മലയിലെ കാപ്പിക്കളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തായി വാളാരംകുന്നിലാണ് ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുന്നത്. മാവോയിസ്റ്റ് കബനിദളത്തില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് തേനി സ്വദേശിയായ വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും 303 റൈഫിളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തെ ബപ്പനമല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പുണ്ടായതെന്നാണ് സൂചന. മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരാണുണ്ടായിരുന്നുവെന്നാണ് വിവരം. പതിവ് പരിശോധനക്കായെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നുമാണ് പറയുന്നത്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ്. വെടിവെപ്പ് നടന്ന പടിഞ്ഞാറത്തറ മേഖലയിലും, വെള്ളമുണ്ട ഭാഗങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടുത്തെ കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്താറുണ്ടായിരുന്നുവെന്നും പറയുന്നു.
സംഭവം നടക്കുമ്പോള്‍ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടിരുന്നതായും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. രാവിലെ 9.15 ഓടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പറയുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം പ്രദേശത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയടക്കം കയറ്റിവിടാന്‍ പോലീസ് തയാറായിട്ടില്ല. കാപ്പിക്കളത്ത് വെച്ചാണ് മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. അതേസമയം, വൈത്തിരിയില്‍ സി പി ജലീല്‍ മരിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു മാവോയിസ്റ്റ് കൂടി വയനാട്ടില്‍ കൊല്ലപ്പെടുന്നത്.
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പ്രധാനമായും നാല് തവണയാണ് പോലീസ്മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ജീവഹാനിയുണ്ടാകുന്നത്. അട്ടപ്പാടിയിലെ മഞ്ചക്കണ്ടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കര്‍ളായി എന്നിവിടങ്ങളിലും നേരത്തെ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മഞ്ചക്കണ്ടിയിലെ വെടിവെപ്പില്‍ നാലും നിലമ്പൂരില്‍ രണ്ടുപേരുമാണ് ഇതിന് മുന്‍പ് മരിച്ചത്. ഇതില്‍ സി പി ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന മജിസ്റ്റീരിയല്‍ അന്വേഷണം പോലീസിന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായിരുന്നുവെങ്കിലും ശാസ്ത്രീയ പരിശോധനാഫലവും, ബാലിസ്റ്റിക് റിപ്പോര്‍ട്ടുകളും ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു. ഇതോടെ വൈത്തിരിയില്‍ നടന്നത് ഏറ്റുമുട്ടലല്ലെന്നും, ഏകപക്ഷീയമായ വെടിവെപ്പായിരുന്നുവെന്നുമുള്ള ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു.
2019 മാര്‍ച്ച് ആറിനാണ് സി പി ജലീല്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് പോലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. പിന്നില്‍ നിന്നായിരുന്നു ജലീലിന് വെടിയേറ്റത്. അതുകൊണ്ട് തന്നെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് അന്നുമുതല്‍ തന്നെ ആരോപണം ശക്തമായിരുന്നു. ഇത് ശരി വെക്കുന്ന വിധത്തിലായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നായിരുന്നു മജിസ്റ്റീരിയല്‍ അന്വേഷണത്തിലെ കണ്ടെത്തല്‍. സംസ്ഥാനത്ത് ഇതുവരെ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണെന്നും, എന്താണ് നടന്നതെന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നുമാണ് പോരാട്ടം പ്രവര്‍ത്തകര്‍ പറയുന്നത്.
വീണ്ടും വീണ്ടും മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ 2018 മെയ് ഒന്‍പതിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കുള്ള കീഴടങ്ങല്‍പുനരധിവാസപദ്ധതിയെ സംബന്ധിച്ചും ചര്‍ച്ചയായി കഴിഞ്ഞു. ഇടതുപക്ഷ തീവ്രവാദികളെ അവരുടെ പ്രവര്‍ത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തരംതിരിച്ച് നഷ്ടപരിഹാരം നല്‍കുന്ന വിധത്തിലായിരുന്നു കീഴടങ്ങല്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഉയര്‍ന്ന കമ്മിറ്റികളിലുളളവരാണ് ഒന്നാം കാറ്റഗറി വിഭാഗത്തില്‍ വരുന്നത്. അവര്‍ കീഴടങ്ങുമ്പോള്‍ അഞ്ചുലക്ഷം രൂപ നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. ഗഡുക്കളായാണ് തുക നല്‍കാന്‍ തീരുമാനിച്ചത്. പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15,000 രൂപ നല്‍കും. വിവാഹം കഴിക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കും. തൊഴില്‍ പരിശീലനം ആവശ്യമുളളവര്‍ക്ക് മൂന്നു മാസം വരെ 10,000 രൂപ നല്‍കും.
കാറ്റഗറി 2 എ, കാറ്റഗറി 2 ബി എന്നിവയില്‍ വരുന്നവര്‍ക്ക് സറണ്ടര്‍ ചെയ്യുമ്പോള്‍ മൂന്നു ലക്ഷം രൂപയാണ് നല്‍കുക. ഇതും ഗഡുക്കളായിട്ടായിരിക്കും നല്‍കുക. തങ്ങളുടെ ആയുധം പോലീസിനെ ഏല്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും പദ്ധതിയുടെ ഭാഗമായി അനുവദിക്കുമെന്നായിരുന്നു തീരുമാനം, ഉദാഹരണമായി എ കെ.47 സറണ്ടര്‍ ചെയ്യുന്നവര്‍ക്ക് 25,000 രൂപയാണ് നല്‍കുക. മൂന്നു വിഭാഗത്തിലുംപെട്ട വീടില്ലാത്താവര്‍ക്ക് സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍ പ്പെടുത്തി വീട് നല്‍കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. ഈ പ്രത്യേക പാക്കേജ് മാവോയിസ്റ്റുകള്‍ അംഗീകരിക്കാതിരിക്കുകയോ, അവരിലേക്ക് ഇത് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നോ വേണം കരുതാന്‍.

Related Articles

Back to top button