BREAKING NEWSKERALA

വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മരിച്ചത് തേനി സ്വദേശി വേല്‍മുരുഗന്‍

വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മധുര തേനി സ്വദേശി വേല്‍മുരുഗന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് മരിച്ചത് വേല്‍മുരുഗനാണെന്ന് സ്ഥിരീകരിച്ചത്. മീന്‍ മുട്ടി വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള വാളാരം കുന്നിലാണ് സംഭവം നടന്നത്. മാനന്തവാടി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആദ്യം മാവോയിസ്റ്റു സംഘം വെടിവച്ചു എന്നാണ് എഫ്‌ഐആര്‍. യൂണിഫോം ധരിച്ച മാവോയിസ്റ്റ് സംഘത്തില്‍ അഞ്ചിലധികം പേരുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
രാവിലെ 9 മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുവെന്നും പൊലീസ് പറയുന്നു. പരസ്പരം വെടിവെച്ചതിന് ശേഷം പിന്നീട് സ്ഥിതി ശാന്തമായപ്പോള്‍ നടത്തിയ പരിശോധനയിലാണ് വെടിയേറ്റ് നിലത്തു മരിച്ച് കിടക്കുന്ന നിലയിലൊരാളെ കണ്ടതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം. ഒരു റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വെടിവെപ്പില്‍ പരിക്കേറ്റയാളെ കണ്ടെത്താനായില്ല. സബ് കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. ഏതാനും മാസങ്ങളായി വെള്ളമുണ്ട പടിഞ്ഞാറത്തറ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.

Related Articles

Back to top button