KERALALATEST

വയനാട് മാവോയിസ്റ്റ് വേട്ട; ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന് എഫ്‌ഐആര്‍, തോക്ക് കണ്ടെടുത്തു

വയനാട്: പടിഞ്ഞാറേത്തറയിലെ ബാണാസുര വനമേഖലയില്‍ വച്ച് മാനന്തവാടി എസ് ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനുമെതിരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നെന്ന് എഫ്‌ഐആര്‍. യൂണിഫോം ധരിച്ച ആയുധധാരികളായ 5 പേരില്‍ കൂടുതല്‍ വരുന്ന സംഘമാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 9.15 കൂടിയാണ് ആക്രമണമുണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു.
പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് സംശയമുണ്ട്. കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ബോള്‍ട്ടാണ് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്.
പടിഞ്ഞാറത്തറ, ബാണാസുര വനമേഖലയില്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് അടുത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ജീവമായ വനത്തിനുള്ളിലെ പട്രോളിംഗ് സമീപകാലത്താണ് തണ്ടര്‍ബോള്‍ട്ട് പുനരാരംഭിച്ചത്. ഏറ്റുമുട്ടലില്‍ മരിച്ചയാള്‍ക്ക് 35 വയസ്സ് തോന്നിക്കും. മാവോയിസ്റ്റുകളുടേതെന്ന് കരുതുന്ന ഒരു റൈഫിള്‍ സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് തണ്ടര്‍ബോള്‍ട്ടിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റെന്ന് വിവരമുണ്ട്.
പരിക്കേറ്റയാളുമായി മാവോയിസ്റ്റുകള്‍ക്ക് അധികം ദൂരം സഞ്ചരിക്കാനാവില്ലെന്ന നിഗമനത്തില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തിനുള്ളില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് കൂടുതല്‍ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അതേസമയം സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളേയോ നാട്ടുകാരേയോ കടത്തിവിടാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വനത്തിലേക്കുള്ള എല്ലാ പാതകളും പൊലീസ് ഇതിനോടകം അടച്ചു കഴിഞ്ഞു.

Related Articles

Back to top button