മലപ്പുറം: സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. എംഎല്‍എ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന് എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. പരാതി നല്കിയവരില് ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ കമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയ്ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. ഇവരില്‍ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.