BREAKING NEWSKERALA

അച്ചടക്ക നടപടിക്കെതിരേ ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും സമരം തുടങ്ങി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരെടുത്ത അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും റിലേ സത്യാഗ്രസമരം തുടങ്ങി. രോഗിയെ പുഴു അരിച്ച സംഭവത്തിലെ അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് കാരണം. ഒരു ദിവസത്തിനകം ഒത്ത് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും മുന്നറിയിപ്പ്
അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ, ആരോഗ്യപ്രവര്‍ത്തകരുടെ ക്വറന്റീന്‍ കൂടി റദ്ദാക്കിയതാണ് സമരക്കാരെ വീണ്ടും ചൊടിപ്പിച്ചത്. 10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താല്‍ 7 ദിവസം അവധി എന്ന ആനുകൂല്യമാണ് റദ്ദാക്കിയത്. രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിന്‍വലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവസ്യപ്പെട്ടാണ് കെജിഎന്‍യു അനിശ്ചിതകാല സമരം തുടങ്ങിയത്.
ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണയെ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് സമരം. ഇല്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്.
അതേസമയം സമരം ചെയ്യുന്ന സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയിട്ടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാര്‍ക്ക് ഒപ്പമാണ്. പ്രത്യേക അവധി റദ്ദാക്കല്‍ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ച് നില്‍ക്കുന്നതോടെ സമരം ശക്തമായാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്നാണ് വലിയ ആശങ്ക.

Related Articles

Back to top button