ന്യൂഡല്‍ഹി: പലചരക്ക് സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമല്ല, ഈ കൊവിഡ് കാലത്ത് ഓണ്‍ലൈനായി ഇനി മരുന്നുകളും ലഭ്യമാകും. ഇകൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയാണ് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി പുതിയ സേവനുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ആമസോണ്‍ ഫാര്‍മസി’ എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയിലൂടെ ഡോക്ടറുടെ കുറിപ്പുള്ളവര്‍ക്ക് ഓണ്‍ലൈനായി മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കും. പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരുവിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. പിന്നീട് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും ആമസോണ്‍ ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.
ഡോക്ടറുടെ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, ആരോഗ്യ ഉപകരണങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയാണ് ഓണ്‍ലൈന്‍ ഫാര്‍മസി വഴി ലഭ്യമാക്കുക. സര്‍ട്ടിഫൈഡ് വില്പനക്കാരില്നിന്നാണ് മരുന്നുകള്‍ ലഭ്യമാക്കുകയെന്നും ഇതുവഴി ആളുകള്‍ക്ക് സുരക്ഷിതരായി വീട്ടിലിരിക്കാന്‍ സാധിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ജനുവരിയില്‍ യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ആമസോണ്‍ ഫാര്‍മസി എന്ന പേരില്‍ കമ്പനി വ്യാപാരമുദ്ര സമര്‍പ്പിച്ചിരുന്നു.
നിലവില്‍ മെഡ്ലൈഫ്, നെറ്റ്മെഡ്സ്, ഫാം ഈസി, 1 എംജി എന്നിവയാണ് ഓണ്‍ലൈനായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. വിപണിയില്‍ ഇവയൊടൊപ്പം കിടപ്പിടിക്കത്തക്കവണ്ണമുള്ളതായിരിക്കും ആമസോണ്‍ ഫാര്‍മസി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം വാഹന ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ഇന്ത്യയില്‍ 10 പുതിയ വെയര്‍ഹൗസുകള്‍ തുറക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു.
ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതിയും കമ്പനി നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ‘ആമസോണ്‍ ഫുഡ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനവും ആമസോണ്‍ അരംഭിച്ചിരുന്നു. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.