കൊച്ചി: രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ചെറിയതോതില്‍ വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്കാണ് 0.53638 ശതമാനം വില കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. വിവിധയിനം ഐ.വി. ഫ്ളൂയിഡുകള്‍ക്കും വിലയേറും.
ഓരോ രാജ്യത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ജീവന്‍രക്ഷാമരുന്നുകള്‍ നിശ്ചയിക്കുക. ഇന്ത്യയില്‍ ഇ പട്ടികയില്‍ വരുന്ന മരുന്നുകളാണ് ഔഷധവിലനിയന്ത്രണത്തില്‍ വരുക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാവര്ഷത്തെയും മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ പുതുക്കും. കഴിഞ്ഞ മൂന്നുവര്‍ഷമായി വില കൂടുകതന്നെയായിരുന്നു. അതിന് മുമ്പൊരുവര്‍ഷം മൊത്തവ്യാപാരവിലസൂചികയില്‍ കുറവുണ്ടാവുകയും മരുന്നുവില കുറയുകയും ചെയ്തിരുന്നു.
വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായവികസന ആഭ്യന്തരവ്യാപാരവകുപ്പാണ് കഴിഞ്ഞുപോയ വര്‍ഷത്തെ സൂചിക തയ്യാറാക്കുന്നത്. മുന്‍വര്‍ഷത്തെ വിപണിയുമായി താരതമ്യംചെയ്താണ് സൂചിക നിശ്ചയിക്കുക. ഇത്തരത്തില്‍ നിശ്ചയിക്കുന്ന സൂചിക അടിസ്ഥാനമാക്കി അവശ്യമരുന്നുവില പുനഃക്രമീകരിക്കാമെന്ന് ഔഷധനിയമത്തിലുണ്ട്.
പുതിയ സൂചികപ്രകാരം നിലവില്‍ 30647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപാസ് സ്റ്റെന്റുകള്‍ക്ക് 165 രൂപ കൂടി 30,812 ആകും. ബെയര്‍ മെറ്റല്‍ സ്റ്റെന്റുകളുടെ വില 8417ല്‍നിന്ന് 8462 രൂപയായാണ് മാറുക. കഴിഞ്ഞ വര്‍ഷം 1.8846 ശതമാനമായിരുന്നു സൂചിക. അതായത് ഇത്തവണത്തേക്കാള്‍ വര്‍ധിച്ചിരുന്നു.
ഓരോ മരുന്നുമെടുത്തുനോക്കുമ്പോള് ചെറിയ നിരക്കിലാണ് വര്‍ധന. എന്നാല്‍, കൂടുതല്‍ വിലയുള്ള മരുന്നുകളുടെ കാര്യത്തില്‍ വര്‍ധന രോഗികള്‍ക്ക് വലിയ ഭാരമായിത്തീരും. ഉദാഹരണത്തിന് അര്‍ബുദചികിത്സയില്‍ ഏറെ ഫലപ്രദമായ ട്രാസ്റ്റുസുമാബ് കുത്തിവെപ്പിന് നിലവില്‍ 59976.96 രൂപയാണ്. ഇതിന്റെ പുതിയ വില 60,299 രൂപയാകും. വിലക്കൂടുതല്‍ കൂടുതല്‍ ബാധിക്കുക ജീവിതശൈലീരോഗികളെയാണ്. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവര്‍ ദിവസവും മരുന്ന് കഴിക്കുന്നുണ്ട്. ചെറിയ വര്‍ധനപോലും ഇവരുടെ മാസബജറ്റിനെ കാര്യമായി ബാധിക്കും. പ്രത്യേകിച്ച്, കോവിഡനന്തര സാമ്പത്തികപ്രതിസന്ധിക്കിടയില്‍.