KERALALATEST

പാലക്കാട് നെന്മാറയില്‍ പഞ്ചായത്ത് മെംബറെ സിപിഎം തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

പാലക്കാട്: നെന്മാറയില്‍ വനിതാ പഞ്ചായത്ത് അംഗത്തെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയെന്നു പരാതി. നെന്മാറ പഞ്ചായത്തിലെ യുഡിഎഫ് അംഗം സുനിതാ സുകുമാരനാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ഇന്നലെ വൈകീട്ട് വിധവാ പെന്‍ഷന്‍ സംബന്ധിച്ച ഫോമുകള്‍ നല്‍കാന്‍ വീടുകളിലേക്ക് പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.
കുടുംബം വേണോ രാഷ്ട്രീയം വേണോ എന്ന് ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സുനിത ആരോപിക്കുന്നു. തനിക്ക് കുടുംബം മതി എന്ന് പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇറക്കിവിട്ട് അക്രമികള്‍ കടന്നു കളഞ്ഞതായും ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സി.പി.എമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നെന്മാറയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്‍പത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചു. നിലവിലെ ഭരണ സമിതിയെ രാജിവെപ്പിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപണം.
അടുത്തിടെ സുനിതയ്ക്ക് എരുത്തേമ്പതി ഫാമില്‍ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡ് വന്നിരുന്നു. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും അതിന് തയ്യാറാകാതെ വന്നതോടെയാണ് ഭീഷണിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് രമ്യാ ഹരിദാസ് എം പി ആവശ്യപ്പെട്ടു.
അതേസമയം കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നെന്മാറ ലോക്കല്‍ സെക്രട്ടറി നാരായണന്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker