ന്യൂഡല്‍ഹി: നായയുടെ മുകളിലേക്കു കാറോടിച്ചു കയറ്റുന്ന ഞെട്ടിക്കുന്ന ദൃശ്യം പങ്കുവെച്ച് മനേക ഗാന്ധി എം.പി. ഇതേത്തുടര്‍ന്ന് കാറോടിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലാണ് സംഭവം. ബിജെപി എംപി മനേക ഗാന്ധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. നായയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡയയില്‍ വൈറലായിട്ടുണ്ട്.
നായയുടെ മുകളിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തില്‍ ഗുര്‍ജിന്ദര്‍ സിങ്ങ് എന്ന 26കാരനാണ് അറസ്റ്റിലായതെന്ന് കപൂര്‍ത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സര്വാന് സിംഗ് പറഞ്ഞു. അതിനിടെ വിശദമായ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാളെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇയാളുടെ വീട്ടില്‍ നിരവധി നായകളുണ്ടെന്നും, ആവശ്യമില്ലാത്തവയെ ഇത്തരത്തില്‍ കാറിടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വ്യക്തമായി.
മനേക ഗാന്ധി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ പ്രതിനിധിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഗുര്‍ജിന്ദര്‍ സിങ്ങിനെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 12 നായ്ക്കളെയും കണ്ടെടുത്തിട്ടുണ്ട്.
മനേക ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഇങ്ങനെ എഴുതി: ‘അയാള്‍ വിവിധയിനം നായകളെ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. അവയെ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ നായ്ക്കള്‍ ഉപയോഗപ്രദമല്ലാത്തപ്പോള് അദ്ദേഹം ചെയ്യുന്നത് ഇതാണ്. 30 മിനിറ്റിനുള്ളില്‍ ഈ നായ മരിച്ചു’.