BREAKING NEWSKERALA

തന്റെ പദ്ധതിക്ക് നിയമമന്ത്രിയുടെ ഇടംകോല്‍, പൊട്ടിത്തെറിച്ച് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കടലാക്രമണം തടയാനുള്ള ജിയോട്യൂബ് പദ്ധതിക്ക് അനുമതി വൈകുന്നതില്‍ മന്ത്രിസഭായോഗത്തില്‍ പൊട്ടിത്തെറിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പൈലറ്റ് പദ്ധതിയുടെ കരാര്‍ നല്‍കിയതടക്കം വീണ്ടും പരിശോധിക്കണമെന്ന നിയമ മന്ത്രിയുടെ നിര്‍ദേശമാണ് മേഴ്‌സിക്കുട്ടിയമ്മയെ പ്രകോപിപ്പിച്ചത്.
കടല്‍ഭിത്തി നിര്‍മിച്ചുള്ള കടലാക്രമണ പ്രതിരോധത്തിന്റെ ബദലാണ് ജിയോ ട്യൂബ് അഥവാ ഭൂവസ്ത്രക്കുഴല്‍. കിഫ്ബി സഹായത്തോടെ പൂന്തുറ കടപ്പുറത്താണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ കരാര്‍ നല്‍കുന്ന നടപടിയുമായി ഫിഷറീസ് വകുപ്പ് മുന്നോട്ടു പോകുമ്പോഴാണ് പുതിയ തടസ്സങ്ങള്‍ വരുന്നത്. ഇക്കാര്യം മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസഭയോഗത്തില്‍ ഉന്നയിച്ചു.
കരാര്‍ നല്‍കിയത് അടക്കമുള്ളവ ഒന്നുകൂടി പരിശോധിക്കണമെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഇതാണ് മേഴ്‌സിക്കുട്ടിയമ്മയെ പ്രകോപിപ്പിച്ചത്. ഇങ്ങനെ പോയാല്‍ പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുമോ എന്ന് മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. പരിശോധന എന്നു തീരും? അപ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധിയും തീരില്ലേ എന്ന് അവര്‍ ചോദിച്ചു.
ജിയോ ട്യൂബ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്നത് ആയതുകൊണ്ട് പി.ഡബ്ല്യു.ഡിയില്‍ മാനദണ്ഡമൊന്നും ഇല്ല. അതുകൊണ്ടാണ് വീണ്ടും നിയമപരമായ പരിശോധന വേണ്ടിവരുന്നതെന്ന് മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതിലൊന്നും മേഴ്‌സിക്കുട്ടിയമ്മ തൃപ്തയായില്ല. പദ്ധതി നടപ്പിലാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ അനുഭവം വിവരിച്ച അവര്‍ വികാരഭരിതയായി.
കടല്‍ക്ഷോഭം പ്രതിരോധിക്കാനുള്ള അഭിമാന പദ്ധതി എന്ന നിലയിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജിയോ ട്യൂബ് പദ്ധതിയെ കാണുന്നത്. ഇതാണ് പദ്ധതിക്ക് തടസ്സം ഉയര്‍ന്നപ്പോള്‍ മന്ത്രിസഭായോഗത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണം. തര്‍ക്കങ്ങള്‍ക്ക് സാക്ഷിയായിരുന്ന മുഖ്യമന്ത്രി പൂര്‍ണമായും നിശ്ശബ്ദത പാലിച്ചു

——————–

Related Articles

Back to top button