മോനിപ്പള്ളി: നേരില്‍ക്കാണാതെ മെറിന് ജോയിക്ക് രണ്ടു വയസ്സുകാരി മകളും മാതാപിതാക്കളും അടക്കമുള്ളവര്‍ ഇന്നു യാത്രാമൊഴിയേകും. യുഎസില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന് ജോയി(27)യുടെ സംസ്കാരം ഇന്നു റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ നടക്കും.
അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ 8.30 വരെ) പള്ളിയില്‍ പൊതുദര്‍ശനം. 11 മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഫാ.ജോസ് ആദോപ്പള്ളില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2നു (ഇന്ത്യന്‍ സമയം രാത്രി 11:30) ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം. ഇന്ന് വൈകിട്ട് 5നു മെറിന്റെ ഇടവക ദേവാലയമായ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.
മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ക്നാനായ വോയ്സ് ടിവി വഴി യുഎസിലെ ചടങ്ങുകള്‍ ലൈവായി കാണിക്കുന്നുണ്ട്. വീട്ടില്‍ ഇതു കാണാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയി, മേഴ്സി ദമ്പതികളുടെ മകളാണു മെറിന്.