പോപ് സംഗീതരാജാവ് മൈക്കല്‍ ജാക്സണ്‍ വന്‍കടക്കെണിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2009-ല്‍ അന്തരിക്കുന്ന സമയത്ത് 500 മില്യണ്‍ ഡോളറിലധികം (ഏകദേശം 3700 കോടി രൂപ) സാമ്പത്തികബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ജലിസ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ടില്‍ മൈക്കല്‍ ജാക്സന്റെ എസ്റ്റേറ്റിന്റെ നിര്‍വഹണാധികാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള വിവരമുള്ളത്. ഗായകന്‍ കടപ്പെട്ടിരിക്കുന്ന പലര്‍ക്കും പലിശയിനത്തില്‍ ഉയര്‍ന്ന തുക നല്‍കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൈക്കല്‍ ജാക്സന്റെ ട്രസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ മക്കളായ പാരീസ്, പ്രിന്‍സ്, ബിഗി, മാതാവ് കാതറീന്‍ എന്നിവര്‍ക്ക് യാതൊരു സാമ്പത്തികവിഹിതവും ലഭിക്കുന്നില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൈക്കല്‍ ജാക്സന്റെ എസ്റ്റേറ്റും ഇന്റേണല്‍ റവന്യൂ സര്‍വീസു(ഐആര്‍എസ്)മായി വ്യവഹാരം നിലനില്‍ക്കുന്നതിനാലാണ് മക്കള്‍ക്കും മാതാവിനും ട്രസ്റ്റില്‍ നിന്ന് പണം ലഭിക്കാത്തതെന്നാണ് സൂചന. പ്രത്യേക അലവന്‍സിലൂടെ ട്രസ്റ്റില്‍നിന്ന് ഒരു തുകയും എസ്റ്റേറ്റില്‍ നിന്ന് നല്ല രീതിയിലുള്ള സഹവര്‍ത്തിത്വവും ലഭിക്കുന്നുണ്ടെന്ന് ഗായകന്റെ കുടുംബാംഗങ്ങള്‍ പിന്നീട് പ്രതികരിച്ചിരുന്നു.
സാമ്പത്തികസ്ഥിതി സംബന്ധിച്ചുള്ള യാഥാര്‍ഥവിവരം മറച്ചുവെച്ചുകൊണ്ട് വന്‍തോതില്‍ നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഐആര്‍എസ് രംഗത്തെത്തിയതോടെയാണ് മൈക്കല്‍ ജാക്സന്റെ സാമ്പത്തികവിവരങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമവ്യവഹാരം ആരംഭിച്ചത്. 700 മില്യണ്‍ ഡോളറോളം നികുതി- പിഴയിനത്തില്‍ എസ്റ്റേറ്റ് വെട്ടിച്ചുവെന്നാണ് ഐആര്‍എസ് പറയുന്നത്. ഇതിനെതിരേ ഒരു നോട്ട് ഓഫ് ഡെഫിഷ്യന്‍സി എസ്റ്റേറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2021 ല്‍ ഈ ആരോപണങ്ങളെ എസ്റ്റേറ്റ് കോടതിയില്‍ എതിര്‍ക്കുകയും ചെയ്തിരുന്നു.
1,142 1 minute read