BREAKINGNATIONAL

ബാറില്‍നിന്ന് കഴിച്ചത് 12 ലാര്‍ജ്, വ്യാജരേഖ നിര്‍മിച്ചു; സംഭവിച്ചത് വലിയ തെറ്റെന്ന് മിഹിര്‍ ഷാ

മുംബൈ: നഗരത്തെ നടുക്കിയ ബി.എം.ഡബ്ല്യൂ. അപകടത്തില്‍ കുറ്റസമ്മതം നടത്തി മുഖ്യപ്രതി മിഹിര്‍ ഷാ. സംഭവിച്ചത് വലിയ തെറ്റാണെന്നായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ മിഹിര്‍ ഷാ പറഞ്ഞത്. തന്റെ ‘കരിയര്‍’ ഇതോടെ അവസാനിച്ചെന്നും ഇയാള്‍ പോലീസിന് മുന്നില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ ബി.എം.ഡബ്ല്യൂ. കാര്‍ ഓടിച്ചിരുന്നത് താനാണെന്ന് മിഹിര്‍ ഷാ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഡ്രൈവറെ നിര്‍ബന്ധപൂര്‍വം മാറ്റിയശേഷമാണ് മദ്യലഹരിയിലായിരുന്ന മിഹിര്‍ ഷാ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്നും പോലീസ് പറയുന്നു.
സംഭവദിവസം ജുഹുവിലെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ പ്രതി കാര്‍ യാത്രയ്ക്കിടെ വീണ്ടും മദ്യപിച്ചിരുന്നു. ജുഹുവിലെ ബാറില്‍നിന്ന് മിഹിര്‍ ഷായും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് 12 ലാര്‍ജ് പെഗ്ഗാണ് കഴിച്ചത്. ഓരോരുത്തരും നാല് ലാര്‍ജ് വീതം അകത്താക്കിയെന്നാണ് വിവരം. ഇതിനുശേഷം യാത്രയ്ക്കിടെ ബോറിവള്ളിക്കും മലാദിനും ഇടയില്‍വെച്ച് മിഹിര്‍ ഷാ വീണ്ടും മദ്യപിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനുശേഷമാണ് പ്രതി ഡ്രൈവറെ മാറ്റി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ജുഹുവിലെ ബാറില്‍നിന്ന് മദ്യം ലഭിക്കാനായി മിഹിര്‍ ഷാ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചതായും വിവരമുണ്ട്. 25 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതും വിളമ്പുന്നതും മഹാരാഷ്ട്രയില്‍ കുറ്റകരമാണ്. എന്നാല്‍, 24-കാരനായ പ്രതി ഇത് മറികടക്കാനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചിരുന്നു. ഈ കാര്‍ഡില്‍ 27 വയസ്സായിരുന്നു ഇയാളുടെ പ്രായമായി രേഖപ്പെടുത്തിയിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശിവസേന ഷിന്ദേ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യൂ. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കാവേരി നഖ്വ(45)യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈ വര്‍ളിയിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കാവേരിയെയും ഭര്‍ത്താവ് പ്രദീപിനെയും അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാര്‍ ഇടിച്ചിടുകയായിരുന്നു. പിന്നാലെ കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങിക്കിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.

Related Articles

Back to top button