ന്യൂഡല്‍ഹി: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനിയായ മിന്ത്ര ലോഗോ മാറ്റി. ലോഗോ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മുംബൈ അവേസ്ത ഫൗണ്ടേഷന് പ്രവര്‍ത്തകയായ നാസ് പട്ടേലാണ് മുംബൈ സൈബര്‍ ക്രൈമിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മിന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ലോഗോ മാറ്റാന്‍ കമ്പനി സമ്മതിച്ചെന്ന് മുംബൈ സൈബര്‍ ക്രൈം ഡെപ്യൂട്ടി കമ്മീഷ്ണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.
ഇതിനു പിന്നാലെ വെബ്സൈറ്റിലെ ലോഗോയും മിന്ത്ര മാറ്റിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ് മെറ്റീരിയല്‍ ഉള്‍പ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലേയും ലോഗോയില്‍ ഉടന്‍ മാറ്റംവരുത്തുമെന്നാണ് വിവരം.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ലോഗോയില്‍ മാറ്റം വരുത്തുമെന്ന് മിന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ലോഗോ ഉള്‍പ്പെടുത്തിയുള്ള പാക്കേജിംഗ് മെറ്റീരിയലുകള്‍ക്കും കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
2007 ല്‍ സ്ഥാപിതമായ മിന്ത്രയെ 2014 ല്‍ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തു. തുടര്‍ന്ന് 2016ല്‍ ജബോംഗും ഫ്ലിപ് കാര്‍ട്ട് സ്വന്തമാക്കി.