NRIGULF

അനുഭവങ്ങള്‍ ഗാനങ്ങളാക്കി ശ്രദ്ധേയനായി കുവൈറ്റ് മലയാളി

കുവൈറ്റ് സിറ്റി: അനുഭവങ്ങളില്‍ ചാലിച്ചെടുത്ത പാട്ടുകളുമായി ഒരു കുവൈറ്റ് മലയാളി. ജോലിത്തിരക്കുകള്‍ക്കിടയിലും ഗാനരചനയ്ക്കും ഒപ്പം സംഗീതത്തിനും സമയം കണ്ടെത്തിയ ആറന്മുള സ്വദേശി മിനു വര്‍ഗീസിന്റെ ( മിനു കുറിച്ചിമുട്ടം) പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നു.
നാല് പാട്ടുകള്‍ എഴുതിയ അദ്ദേഹം ഇതില്‍ മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വഹിച്ചു.കൊറോണക്കാലത്തെ ഏകാന്തതയും വിഷമവും ഹൃദയത്തെ സ്പര്‍ശിക്കുന്ന ക്രിസ്തീയ ഗാനങ്ങളായി മാറി . അനുഭവങ്ങള്‍ മനുഷ്യനെ മാറ്റിമറിക്കുമെന്നത് രചയിതാവിന്റെ കാര്യത്തില്‍ പൂര്‍ണമാണ്. ഓരോ ഗാനങ്ങളും വ്യത്യസ്തമായ പ്രാര്‍ത്ഥനാ അനുഭൂതിയാണ് ശ്രേതാക്കള്‍ക്ക് നല്‍കുന്നത് .
മിനുവിന്റെ ഏറ്റവും പുതിയ ക്രിസ്തീയഗാനം ‘അറിയുന്നവന്‍ ‘ ജനുവരി 8 ന് റിലീസ് ചെയ്തു. ‘കണ്ണുനീരോടെ വരുന്നിതാ ഞാന്‍ എന്റെ കണ്ണീര് മാനിക്കുന്ന നാഥനരികില്‍ ‘ എന്നു തുടങ്ങുന്ന ഈ ഗാനം ശ്രോതാക്കള്‍ക്ക് നല്‍കുന്നത് ഏറ്റുപറച്ചിലിന്റേയും പ്രത്യാശയുടെയും അനുഭവം ആണ് . കൊട്ടാരക്കര സ്വദേശിയായ എബി എബ്രഹാം ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് നിരവധിയാളുകള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു . ഇതിന് മുന്‍പ് 2020 ല്‍ മൂന്ന് ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ,’ കൂടെയുള്ളവന്‍’ ,
‘ സങ്കേതമായവന്‍ ‘ , ‘ മറക്കാത്തവന്‍ ‘ എന്ന ആല്‍ബങ്ങള്‍ ആയി മിനുവിന്റെ തൂലികയില്‍ പിറന്നിരുന്നു ഇമ്മാനുവേല്‍ ഹെന്‍ഡ്രി , എബി എബ്രഹാം, ബിനോയ് ജോണി എന്നിവര്‍ ആണ് ഈ ഗാനങ്ങള്‍ ആലപിച്ചത് . മറക്കാത്തവന്‍ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് സംഗീതസംവിധായകന്‍ എം. യു. മാത്യുസ് പള്ളിപ്പാട് ആയിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ സംഗീതത്തില്‍ കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകക്ക് വേണ്ടി മിനു എഴുതിയ ‘മഞ്ഞുപെയ്യും രാവൊിലായ്’ എന്നു തുടങ്ങുന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ആസ്വദിച്ചു.
‘മിന്‍സാനോ മ്യൂസിക് ‘എന്ന ഫേസ് ബുക്ക് പേജിലും , യുട്യൂബ് ചാനലിലും മിനുവിന്റെ ഗാനങ്ങള്‍ ആസ്വദിക്കാം.

Related Articles

Back to top button