കൊല്ലം: അരയ്ക്കുതാഴെ തളര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ കഴിഞ്ഞിരുന്ന യുവതിയെ കാണാതായി. ഉമയനല്ലൂര്‍ സ്വദേശി അബ്ദുള്‍ സമദിന്റെ മകള്‍ ഫാത്തിമയെയാണ് കാണാതായത്. ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന നിലയിലാണ് 24കാരിയായ ഫാത്തിമ.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ നാല്പ്പത്തിരണ്ടുകാരന് കൊല്ലത്തെത്തി പെണ്‍കുട്ടിയുമായി കടന്നതായാണ് വിവരം. മറ്റു ചിലര്‍ക്കൊപ്പം എത്തി ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വീടിന്റെ മുകള്‍നിലയിലായിരുന്നു ഫാത്തിമ. ജനാല തുറന്ന നിലയിലായിരുന്നു. സണ്‍സൈഡ് വഴി മതിലിനു പുറത്തെത്തിച്ചുവെന്നും കരുതുന്നു. അകത്തെ വാതിലും ജനാലയും ഫാത്തിമ തന്നെ തുറന്നതാണെന്നും കരുതുന്നു.
സ്വകാര്യ ബസില്‍ ക്ലീനറായ പൊട്ടന് റഷീദ് എന്ന് വിളിപ്പേരുള്ള ഷൈജുവാണ് പെണ്‍കുട്ടിയുമായി കടന്നതെന്ന് സൂചന ലഭിച്ചു.
ഇയാള്‍ നേരത്തെ തന്നെ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഫാത്തിമ. രണ്ട് സഹോദരങ്ങളുണ്ട്. ആറു വര്‍ഷം മുന്‍പ് ഫാത്തിമയ്ക്ക് വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതിനിടെ ഫേസ് ബുക്കിലൂടെ തൊടുപുഴ സ്വദേശിയുമായി സൗഹൃദത്തിലായി എന്നാണ് സൂചന. ഉമയനല്ലൂരില്‍ വാടക വീട്ടിലാണ് ഫാത്തിമയുടെ കുടുംബം കഴിയുന്നത്. സംഭവത്തില്‍ കൊട്ടിയം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
***