പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ ഭാര്യയേയും മക്കളേയും ഉപദ്രവിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് എംഎല്‍എയുടെ പ്രതിഷേധം. കൊടുമണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബുധനാഴ്ച വൈകിട്ടാണ് ചെരണിക്കല് സ്വദേശി അജു ഭാര്യയെയും രണ്ട് പെണ്മക്കളെയും ക്രൂരമായി ഉപദ്രവിച്ചത്. കൊടുമണ്‍ ചെരണിക്കലില് താമസിക്കുന്ന പുഷപലതയെയും മക്കളെയുമാണ് അജു മദ്യപിച്ചെത്തി ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ട് വര്‍ഷമായി ഭാര്യയും മക്കളുമായി പിരിഞ്ഞു താമസിക്കുന്ന അജു ഇടയ്ക്കിടെ വീട്ടിലെത്തി മൂന്ന് പേരെയും ഉപദ്രവിക്കുമെന്നാണ് പരാതി.
ഉപദ്രവം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കോടതിയെ സമീപിച്ച് പുഷ്പലത സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി ആക്രമിച്ച അജുവിനെതിരെ പരാതി കെടുത്തിട്ടും കൊടുമണ്‍ പൊലീസ് കേസെടുക്കാതെ ആരോപണ വിധേയനെ സംരക്ഷിക്കുന്നെന്നാരോപിച്ചാണ് എംഎല്‍എ ചിറ്റയം ഗോപകുംമാര് നാട്ടുകാരെകൂട്ടി പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ആരോപണ വിധേയനെതിരെ കേസെടുക്കാതെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച് പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ പ്രതിഷേധവുമായെത്തിയതോടെ അടൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി പാരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു.