തിരുവനന്തപുരം: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ മത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ രാഷ്ട്രീയം കാണുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് തൊട്ടുകൂടായ്കയില്ല. സഭയെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തിരിച്ച് സഹായിക്കും. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാനുള്ള നിയമനിര്‍മാണം, ഇടവകകളിലെ ഹിത പരിശോധന എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.
അടുത്തയാഴ്ചയാണ് ഇരുവിഭാഗങ്ങളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. വെവ്വേറെ ദിവസങ്ങളില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വങ്ങളുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റ് ക്രൈസ്തവസഭകളുമായും മോദി ചര്‍ച്ച നടത്തും. ജനുവരിയിലാണ് മറ്റു ക്രെസ്തവ സഭകളുമായി ചര്‍ച്ച നടത്താന്‍ മോദി തീരുമാനിച്ചിരിക്കുന്നത്. സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിന് ഇടപെടാന്‍ നരേന്ദ്രമോദി തയ്യാറായതെന്ന് പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
നിലവില്‍ ഇരുവരുടെയും പ്രശ്നം പരിഹിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിക്കുകയാണെന്ന് സഭാ നേതൃത്വം പറഞ്ഞതായി ശ്രീധരന് പിള്ള പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്കാന് സഭാ നേതൃത്വങ്ങള്‍ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന ഫണ്ട് സംസ്ഥാനം തുല്യമായി വീതിച്ചുനല്‍കുന്നില്ല എന്നത് അടക്കമുള്ള പരാതികളാണ് ഇവര്‍ ഉന്നയിച്ചതെന്നും ശ്രീധരന് പിള്ള പറഞ്ഞു.