ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി നല്കുന്ന ഒന്നാംഘട്ട വാക്സിനേഷനില്‍ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. രാഷ്ട്രീയക്കാര്‍ അവരുടെ അവസരത്തിനായി കാത്തു നില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എംപിമാരെയും എംഎല്‍എമാരും പോലുള്ള ജനപ്രതിനിധികളെ ആദ്യ ഘട്ടത്തില്‍ വാക്സിനേഷനായി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരിയാണ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
നവംബര്‍ 24ന് മുഖ്യമന്ത്രിമാരരുമായി പ്രധാനമന്ത്രി അവസാനമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രി അന്ന് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ഇതേ കാര്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതി. അപ്പോഴും പ്രതികരണമുണ്ടായില്ല.
വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബിഹാര്‍, ഒഡീഷ ആരോഗ്യ മന്ത്രിമാര്‍ പഞ്ചായത്തുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധികളെ കോവിഡ് മുന്നണി പോരാളികളായി കണക്കാക്കി ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെ എല്ലാവര്ക്കും ഒരേ സമയം കുത്തിവെക്കാനാവില്ലെന്ന് ഹര്‍ഷ് വര്ദ്ധന് അന്നു തന്നെ വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാര്‍ മുന്‍ഗണനാ ഗ്രൂപ്പുകളെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
ഒരു കോടിയോളമുള്ള ആരോഗ്യപ്രവര്‍ത്തകരും പോലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി രണ്ടു കോടിയോളം കോവിഡ് മുന്നണി പ്രവര്‍ത്തകരുമാണ് ആദ്യ ഘട്ട വാക്സിനേഷനില്‍ സര്‍ക്കാറിനെ മുന്‍ഗണനാ പട്ടികയിലുള്ളത്. ഇവര്‍ക്ക് സൗജന്യമായിട്ടായിരിക്കും വാക്സിന് ലഭിക്കുക.
സംസ്ഥാനങ്ങള്‍ വാക്സിന് വാങ്ങുന്നത് സംബന്ധിച്ചും ഇന്ന് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തമായി വാങ്ങുകയാണെങ്കില്‍ കമ്പനികള്‍ക്ക് വിലനിര്‍ണ്ണയത്തിന്റെ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. കേന്ദ്ര സര്‍ക്കാരിനെ പോലെ ഒരു ഏജന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് നല്ലത്. ഇതായിരിക്കും രാജ്യത്തിന് നല്ലത്’ പ്രധാനമന്ത്രി പറഞ്ഞു.