BREAKING NEWSKERALA

മോദിയുടെ കണ്ണീര്‍ ‘കലാപരമായി തയാറാക്കിയ പ്രകടനം’: ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനുള്ള വിടവാങ്ങല്‍ ചടങ്ങില്‍ വികാരഭരിതനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ഇതിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ മോദിയുടേത് ‘കലാപരമായി തയാറാക്കിയ പ്രകടന’മാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി.
കര്‍ഷകനേതാവ് രാകേഷ് ടികായത്തിന്റെ കണ്ണീരിനും ഇക്കാര്യത്തില്‍ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്ന് തരൂര്‍ പരിഹാസരൂപത്തില്‍ പറഞ്ഞു . കര്‍ഷക വേദന പറഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.–തരൂര്‍ പറയുന്നു. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ‘By Many a Happy Accident: Recollections of a Life’ എന്ന പുസ്തകത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭയില്‍നിന്ന് ഈമാസം കാലാവധി പൂര്‍ത്തിയാക്കുന്ന നേതാക്കള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വിതുമ്പിക്കരഞ്ഞത്. ആസാദിനെക്കുറിച്ചു പറയുന്നതിനിടെ, 2007 ല്‍ ഗുജറാത്തില്‍ താനും കശ്മീരില്‍ ആസാദും മുഖ്യമന്ത്രിമാരായിരിക്കെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു പ്രധാനമന്ത്രി വിവരിച്ചു. ആക്രമണ വിവരം ഫോണിലൂടെ പറഞ്ഞ ആസാദ് പൊട്ടിക്കരയുകയായിരുന്നുവെന്നു പറഞ്ഞപ്പോള്‍ മോദിയുടെ കണ്ണു നിറഞ്ഞു. സ്വന്തം കുടുംബത്തെക്കാള്‍ സ്‌നേഹത്തോടെയാണ് ആസാദ് ആക്രമണത്തിനിരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതെന്നു പറഞ്ഞപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. ശബ്ദമിടറി. സഭ നിശ്ശബ്ദമായി. അദ്ദേഹത്തെ സല്യൂട്ട് ചെയ്താണ് മോദി നിര്‍ത്തിയത്.
പാക്കിസ്ഥാനിലേക്കു പോകാതിരുന്നത് ഭാഗ്യമെന്നു കരുതുന്ന ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താന്‍ എന്ന് ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയത്’, വികാരഭരിതനായി ആസാദ് പറ!ഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അടല്‍ജിയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്’. ഈമാസം 15നാണ് ആസാദിന്റെ കാലാവധി കഴിയുന്നത്.

Related Articles

Back to top button