BREAKING NEWSKERALALATEST

പ്രധാനമന്ത്രിക്ക് മൈതാനം നല്കാതെ നഗരസഭ; വാടകയ്ക്ക് എടുത്ത് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരം നഗരത്തില്‍ സ്ഥലം അനുവദിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒളിപ്പോര്. പുത്തരിക്കണ്ടത്ത് മാലിന്യ നിക്ഷേപം നടത്തിയതിനു പിന്നിലും നഗരസഭയുടെ കള്ളക്കളിയുള്ളതായി സംശയിക്കുന്നു. ഒടുവില്‍ വാടക നല്കി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എടുത്തിരിക്കുകയാണ് സംസ്ഥാന ബിജെപി.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്ന നരേന്ദ്രമോദിയുടെ യോഗത്തിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് ബിജെപി ആവശ്യപ്പെട്ടത്. സെന്‍ട്രല്‍ സ്റ്റേഡിയം സുരക്ഷാപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു റാലിക്ക് നല്‍കാനാവില്ലെന്ന് നേരത്തെ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. മോദിയെത്തുമ്പോള്‍ ആയിരകണക്കിന് പ്രവര്‍ത്തകരാവും നഗരത്തിലെത്തുക.
പുത്തരിക്കണ്ടം മൈതാനത്തിലാവട്ടെ ചുറ്റുപാടും മാലിന്യം തള്ളിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ മാലിന്യം നിറഞ്ഞ പുത്തരിക്കണ്ടം മൈതാനത്ത് പരിപാടി നടത്താനാവുകയുമില്ല. അടുത്തിടെയാണ് ഇവിടെ മാലിന്യം തള്ളിയതെന്നതും ശ്രദ്ധേയമാണ്.
തുടര്‍ന്നാണ് വാടക നല്കി ബിജെപി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ബുക്ക് ചെയ്തത്. ഗ്യാലറിയും മൈതാനമുള്‍പ്പടെ വന്‍ തുകയ്ക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ് നാശനഷ്ടം ഉണ്ടായാല്‍ അതിനും പണം നല്‍കേണ്ടി വരും. കസേരകളുടെ വരെ എണ്ണം ഉള്‍പ്പെടുത്തിയാണ് കരാര്‍.
എന്നാല്‍ എന്തുണ്ടായാലും മോദി സന്ദര്‍ശനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. മോദിയുടെ പടമുള്ള ടീഷര്‍ട്ടും, മുഖംമൂടികളുമെല്ലാം തയ്യാറായി കഴിഞ്ഞു. ആയിരക്കണക്കിന് ടീ ഷര്‍ട്ടുകളാണ് തയാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും, പ്രമുഖ നേതാകള്‍ക്കും മാത്രമായിരിക്കും വേദിയില്‍ പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും.
എന്‍.ഡി.എയുടെ അവസാനഘട്ട പ്രചാരണത്തിന് കോന്നിയിലും തിരുവനന്തപുരത്തും എത്തുന്ന പ്രധാനമന്ത്രി, കന്യാകുമാരിയിലും പ്രചാരണയോഗത്തില്‍ പ്രസംഗിക്കും. രണ്ടിന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെനിന്ന് കന്യാകുമാരിയിലേക്ക് പോകും. അതിനുശേഷം തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ അവസാനത്തെ പരിപാടി. വൈകീട്ട് നാലിന് പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി അഞ്ചിന് സ്റ്റേഡിയത്തിലെത്തും.
പ്രധാനമന്ത്രിയെത്തുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെത്തുന്ന യോഗത്തിനു പൊതു സ്ഥലങ്ങള്‍ നല്‍കാത്തത് വിവാദമായിട്ടുണ്ട്. എന്നാല്‍ ഇതിനു വ്യക്തമായ ഉത്തരം നല്‍കാന്‍ കോര്‍പ്പറേഷനും തയാറായിട്ടില്ല.
തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് യോഗങ്ങള്‍ക്ക് പൊതു സ്ഥലം വിട്ടുകൊടുക്കാത്തതില്‍ തെറ്റില്ല. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് സ്ഥലം നല്‍കേണ്ടത് ജനാധിപത്യ മര്യാദയല്ലേ എന്നാണ് ചോദ്യമുയരുന്നത്. യോഗത്തിന് പൊതു സ്ഥലം അനുവദിക്കാത്തതിനാല്‍ റോഡ് ഷോ നടത്താനും ബി.ജെ.പി. തീരുമാനമുണ്ട്. ഇതെങ്കിലും അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker