ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങള്‍ സ്വമേധയാ പ്രഖ്യാപിച്ചു. 2020 ജൂണ്‍ 30വരെയുള്ള കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2.85 കോടി രൂപയാണ്. ഒരുരൂപപോലും കടബാധ്യതയില്ല.
2.49 കോടി രൂപയായിരുന്നു 2019ലുണ്ടായിരുന്ന മൊത്തം ആസ്തി. ബാങ്ക് ബാലന്‍സ് വര്‍ധിച്ചതും സ്ഥിരനിക്ഷേപത്തില്‍നിന്നുള്ള മൂല്യവര്‍ധനവുമാണ് 2019നെ അപേക്ഷിച്ച് ആസ്തിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
പണമായി 31,450 രൂപയണ് കൈവശമുള്ളത്. സേവിങ്സ് അക്കൗണ്ടില്‍ 3.38 ലക്ഷംരൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്.
45 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണമോതിരങ്ങള്‍ മോദിക്കുണ്ട്. 1,51,875 രൂപയാണ് അതിന്റെ മൂല്യം. ഗാന്ധിനഗറില്‍ വീടുള്‍പ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. വസ്തുവിന് മോദിയുള്‍പ്പടെ മൂന്നുപേര്‍ക്ക് അവകാശമുണ്ട്.
കാറോ മറ്റ് വാഹനങ്ങളോ ഇല്ലെന്ന് ആസ്തി വിവരണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ്, നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഫ്ര ബോണ്ട് എന്നിവയിലാണ് നികുതിയിളവിന് അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ളത്. 8,43,124 രൂപയാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപമായുള്ളത്. 1,50,957 രൂപ ഇന്‍ഷുറന്‍സ് പ്രീമിയവുമായി അടച്ചിട്ടുണ്ട്.
201920 സാമ്പത്തിക വര്‍ഷത്തില്‍ 7,61,646 രൂപയായിരുന്നു നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം. 1,90,347 രൂപ ഇന്‍ഷുറന്‍സ് പ്രീമിയവുമായി അടച്ചു. 2012ല്‍ എല്‍ആന്‍ഡ്ടി ഇന്‍ഫ്ര ബോണ്ടില്‍ 20,000 രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ കാലാവധി പൂര്‍ത്തിയായിട്ടില്ല.