ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറഞ്ഞേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് കഴിഞ്ഞദിവസം മോദിക്കെതിരേയും ബി.ജെ.പിക്കേതിരേയും രാഹുല്‍ ആഞ്ഞടിച്ചത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ന് നടക്കും. ഇതില്‍ രാഹുലിന്റെ ആരോപണത്തിനും പ്രതിപക്ഷത്തിനുമുള്ള മറുപടി ഉണ്ടായേക്കുമെന്നാണ് വിവരം. അതേസമയം സഭ ചേരുന്നതിന് മുന്‍പേ സഖ്യകക്ഷി എം.പിമാരുടെ യോഗം ചേര്‍ന്ന് എന്‍.ഡി.എ. യോഗത്തില്‍ വെച്ച് എം.പിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കുകയും ചെയ്തു. ‘ലോക്‌സഭയില്‍ രാഹുലിനെ പോലെ ആരും പെരുമാറരുത്’ എന്ന് സഖ്യ കക്ഷികളിലെ എല്ലാ എം.പിമാര്‍ക്കും മോദി നിര്‍ദേശം നല്‍കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷത്തില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെയാണ് എന്‍.ഡി.എ. സഖ്യത്തിന്റെ യോഗം എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ മറുപടി പറഞ്ഞേക്കും.
പ്രധാനമന്ത്രി എം.പിമാരോട് മാത്രമല്ല എല്ലാവരോടും സംസാരിക്കുമെന്നും ഗൗരവമായി എടുക്കണമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു എന്‍ഡിഎ എംപിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്പീക്കറോട് മുഖം തിരിച്ച് സംസാരിച്ചതും ചട്ടലംഘനം നടത്തിയതും എന്‍ഡിഎയിലെ അംഗങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി രാഹുല്‍ കേന്ദ്രത്തിനെതിരേ ശക്തമായി ആഞ്ഞടിച്ചിരുന്നു. അഗ്‌നിവീര്‍, നീറ്റ്, മണിപ്പൂര്‍, കര്‍ഷക സമരം, വിലക്കയറ്റം, ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമം തുടങ്ങി ഓരോ വിഷയങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ട് ഒന്നര മണിക്കൂറോളം രാഹുല്‍ ലോക്‌സഭയില്‍ പ്രസംഗിച്ചു. ഇത് ബി.ജെ.പിയെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം.
73 1 minute read