BREAKINGNATIONAL
Trending

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ചര്‍ച്ചനടക്കുന്നു, എരിതീയില്‍ എണ്ണയൊഴിക്കുന്നവരെ ജനം തള്ളും- മോദി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ അക്രമസംഭവങ്ങള്‍ കുറഞ്ഞുവരുകയാണ്. സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തിവരുകയാണെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.
മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ 11,000-ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ചെയ്യുകയും 500-ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ആഴ്ചകളോളം മണിപ്പൂരിലുണ്ടായിരുന്നതായും എരിതീയില്‍ എണ്ണയൊഴിക്കാന്‍ ശ്രമിക്കുന്നവരെ മണിപ്പൂര്‍ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിന് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ മണിപ്പൂരില്‍ എത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറത്തുനിന്ന് മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് എന്നാവശ്യപ്പെട്ട് മോദിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം ഉയര്‍ത്തി. കള്ളം പറയുന്നത് നിര്‍ത്തൂ, രാജ്യസഭ നിര്‍ത്തിവെക്കൂ എന്നും മുദ്രാവാക്യമുയര്‍ന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

Related Articles

Back to top button