കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടനും എഎംഎംഎ അംഗവുമായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാര്‍വതി തിരുവോത്ത് നേരത്തേ സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനുമൊക്കെയായിട്ടായിരുന്നു താരസംഘടനയുടെ യോഗം. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് നടന് സിദ്ദിഖായിരുന്നു. ഇതോടെ പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖിനു മുന്നിലേക്ക് ക്യാമറയും മൈക്കുമായെത്തി.
യോഗതീരുമാനങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാല്‍ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങള്‍ കൃത്യമായി പ്രസിഡന്റായ മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖിന്റെ മറുപടി. തുടര്‍ന്ന് ഏറെ നേരത്തേ കാത്തിരിപ്പുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങള്‍ കുറിച്ച കുറിപ്പ് മാധ്യമങ്ങള്‍ക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞുകൊണ്ട് കയര്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.
ദേഷ്യപ്പെട്ട് നീങ്ങിയ മോഹന്‍ലാല്‍ ഉടന്‍ തന്നെ കാറില്‍ കയറി വാതില്‍ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാല്‍ മതിയെന്നും ഞാന്‍ ഒന്നും സംസാരിക്കില്ലെന്നും മോഹന്‍ലാല്‍ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിലാണ് എക്സിക്യൂട്ടീവ് യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും. എംഎല്‍എമാരായ ഗണേഷ് കുമാര്‍, മുകേഷ് എന്നിവരാണ് ബിനീഷിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന അഭിപ്രായം യോഗത്തിലുന്നയിച്ചത്.
ഏതാനും സിനിമകളില്‍ അഭിനയിക്കുകയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സജീവമായതുമായ ബിനീഷ് കൊടിയേരിയ്ക്ക് 2009 മുതല്‍ എഎംഎംഎയില്‍ ആജീവനാന്ത അംഗത്വമുണ്ട്.