ലോക സമ്പന്നരില്‍ മുകേഷ് അംബാനിക്ക് നാലാം സ്ഥാനം

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ സുവര്‍ണ നേട്ടവുമായി മകേഷ് അംബാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ അദ്ദേഹം. നാലാം സ്ഥാനത്തുണ്ടായിരുന്ന എല്‍വിഎംഎച്ച് സ്ഥാപകന്‍ ബര്‍നാര്‍ഡ് അര്‍നോര്‍ട്ടിനെയാണ് അദ്ദേഹം മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 32.6 കോടി ഡോളറായി മുകേഷ് അംബാനിയുടെ സമ്പാദ്യം ഉയര്‍ന്നതാണ് ഈ നേട്ടത്തിന് പിന്നില്‍.
ഫേസ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബെര്‍ഗിന് തൊട്ടുപിന്നിലാണ് മുകേഷ് അംബാനിയുടെ സ്ഥാനം .
8,060 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. ആഗോള ശതകോടീശ്വരരുടെ ബ്ലും ബെര്‍ഗ് പട്ടികയിലാണ് അദ്ദേഹം സ്ഥാനം മെച്ചപ്പെടുത്തിയത്. വാറന്‍ ബഫറ്റ്, എലന്‍ മസ്‌ക്, ലാറി പേജ് എന്നിവരെയെല്ലാം നേരത്തെ തന്നെ മുകേഷ് അംബാനി പിന്നില്‍ ആക്കിയിരുന്നു.
ലോകത്ത് ഏറ്റവും മൂല്യമുള്ള ഊര്‍ജ്ജ കമ്പനികളില്‍ അടുത്തിടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു . വിഖ്യാതമായ എക്‌സോണ്‍മൊബിലിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കമ്പനി കൈവരിച്ചത്.